പിൻവാതിൽ തുറന്നുതന്നെ! റാങ്ക് ലിസ്റ്റ് നിലനിൽക്കെ പിൻവാതിൽ നിയമനം തകൃതി ലിസ്റ്റിൽനിന്നു വെറും ഏഴുപേർ, താത്കാലിക നിയമനം 60
1245432
Saturday, December 3, 2022 11:18 PM IST
ഉപ്പുതറ: ജില്ലയിൽ സ്റ്റാഫ് നേഴ്സ് ഗ്രേഡ് -രണ്ട് (ഡിഎച്ച് എസ്) പിഎസ്സി റാങ്ക് ലിസ്റ്റ് നിലനിൽക്കെ താത്കാലിക നിയമനങ്ങൾ നടത്തുന്നതായി പരാതി. പിഎസ്സി റാങ്ക് ലിസ്റ്റ് നിലനിൽക്കുമ്പോൾ താത്കാലിക നിയമനങ്ങൾ നടത്തരുതെന്ന സർക്കാർ ഉത്തരവ് ലംഘിച്ചാണ് ആരോഗ്യവകുപ്പിൽ ജീവനക്കാരെ നിയമിക്കുന്നത്.
ജില്ലയിൽ സ്റ്റാഫ് നേഴ്സ് ഗ്രേഡ് - രണ്ട് (ഡിഎച്ച് എസ്) പിഎസ്സി റാങ്ക് ലിസ്റ്റ് 2021 നവംബർ 29നാണ് നിലവിൽ വന്നത്. 142 പേരാണ് ലിസ്റ്റിലുള്ളത്. രണ്ടു വർഷമാണ് ലിസ്റ്റിന്റെ കാലാവധി. റാങ്ക് ലിസ്റ്റ് പുറത്തുവന്ന് ഒരു വർഷമായിട്ടും ഏഴു പേർക്കു മാത്രമാണ് അഡ്വൈസ് മെമ്മോ നൽകിയത്. റാങ്ക് ലിസ്റ്റ് നിലനിൽക്കെ പൈനാവ്, പീരുമേട്, നെടുങ്കണ്ടം, മറയൂർ, തൊടുപുഴ, അടിമാലി തുടങ്ങിയ ആശുപത്രികളിലാണ് താത്കാലിക നിയമനം നടത്തിയിരിക്കുന്നത്.
താത്കാലികം തകർക്കുന്നു!
കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ജില്ലയിൽ അറുപതോളം താത്കാലിക നിയമനങ്ങൾ നടത്തിയിട്ടുണ്ടന്നു നഴ്സിംഗ് റാങ്ക് ഹോൾഡേഴ്സ് ആരോപിച്ചു. നാഷണൽ ഹെൽത്ത് മിഷന്റെയും ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയുടെയും രാഷ്ട്രീയ സ്വസ്തീയ ബീമാ യോജനയുടെയും പേരിലാണ് താത്കാലിക നിയമനങ്ങൾ നടത്തുന്നത്.
നിലവിലുള്ള ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ താത്കാലിക നിയമനം തുടങ്ങിയപ്പോൾത്തന്നെ മന്ത്രി അടക്കമുള്ളവർക്കു പരാതി നൽകിയെങ്കിലും ആരോഗ്യവകുപ്പ് ഒരു നടപടിയും സ്വീകരിച്ചില്ല. വിവിധ ആശുപത്രികളിലും ആവശ്യത്തിനു സ്റ്റാഫ് നഴ്സുമാർ ഇല്ലാതെ ആശുപത്രികളുടെ പ്രവർത്തനം താളം തെറ്റുന്ന സ്ഥിതിയുണ്ട്.
റിപ്പോർട്ട് ചെയ്യുന്നില്ല
ഒന്നിലധികം വർഷം നീണ്ടുനിൽക്കുന്ന അവധി ഒഴിവുകളും ജില്ലയിലുണ്ട്. ഈ ഒഴിവുകളും പിഎസ്സിക്കു റിപ്പോർട്ട് ചെയ്യാൻ ബന്ധപ്പെട്ടവർ തയാറാവുന്നില്ല. നഴ്സിംഗ് പ്രമോഷന്റെ കാര്യത്തിലും മെല്ലപ്പോക്കു നയമാണ് അധികൃതർ സ്വീകരിക്കുന്നത്. നിലവിലെ പ്രശ്നങ്ങളും ആവശ്യങ്ങളും ചൂണ്ടിക്കാട്ടി നഴ്സിംഗ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി എന്നിവർക്കു വീണ്ടും നിവേദനം നൽകി.