കുട്ടിക്കാനത്ത് 15 ടൂറിസ്റ്റ് ബസുകൾ പിടിച്ചു, മുപ്പതിനായിരം പിഴ
1228301
Friday, October 7, 2022 10:44 PM IST
പീരുമേട്: സംസ്ഥാന വ്യാപക വാഹന പരിശോധനയുടെ ഭാഗമായി പീരുമേട് കുട്ടിക്കാനത്തു മോട്ടോർ വാഹനവകുപ്പും പോലീസും ചേർന്നു പരിശോധന നടത്തി. 15 ടൂറിസ്റ്റ് ബസുകൾ പരിശോധിച്ച് 30,000 രൂപയോളം പിഴ ചുമത്തി. നിരോധിത ലൈറ്റുകൾ, എയർ ഹോണുകൾ എന്നിവ ഉപയോഗിച്ചതിനാണ് പിഴ. വിവിധ ഭാഗങ്ങളിൽനിന്നു സ്കൂൾ കുട്ടികളുമായി വിനോദയാത്രയ്ക്കു വന്ന ബസുകളാണ് പരിശോധിച്ചത്. ഇതിനിടെ കായംകുളംകുമളി റൂട്ടിലോടുന്ന കെഎസ്ആർടിസി ബസും പരിശോധിച്ചു. പരിശോധനയിൽ വേഗപ്പൂട്ട് ഇല്ലെന്നും ബ്രേക്ക് ലൈറ്റ് പ്രവർത്തിക്കുന്നില്ലെന്നും കണ്ടെത്തിയതോടെ കെഎസ്ആർടിസിക്കെതിരെ കേസെടുത്തു.
ഇരുചക്രവാഹനങ്ങളടക്കം പരിശോധിച്ചു. പരിശോധനാവിവരം അറിഞ്ഞ നിരവധി ടൂറിസ്റ്റ് ബസുകൾ പലയിടത്തും റോഡിൽ ഒതുക്കിയിട്ടു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അനിൽകുമാർ, വി. അനൂപ്, ജിനു ജോബ്, ഹൈവേ പോലീസ് സബ് ഇൻസ്പെക്ടർ പി.എ.സാലി എന്നിവർ പരിശോധനയ്ക്കു നേതൃത്വം നൽകി.