എംഎംജെ പ്ലാന്റേഷനിൽ എച്ച്ആർപിഇ കൊടി കുത്തി
1225550
Wednesday, September 28, 2022 10:40 PM IST
ഉപ്പുതറ: വാഗമൺ എംഎംജെ തേയിലത്തോട്ടത്തിൽ എച്ച് ആർപിഇ യൂണിയൻ കൊടി കുത്തി. തോട്ടം വില്പനക്കെതിരെയാണ് യൂണിയൻ നേതാക്കൾ ചേർന്ന് കൊടി കുത്തിയത്. തോട്ടം തൊഴിലാളികൾക്ക് ആനുകൂല്യം നൽകാൻ 2007ൽ കരാർ ഉണ്ടാക്കിയിരുന്നു. നൂറുകണക്കിന് തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ ലഭിക്കാനുണ്ട്. വാഗമണ്ണിൽ ഭൂമി വിൽക്കാനുള്ള ഒരുക്കത്തിലാണ് മാനേജ് മെന്റ്.
ഒൻപതു വർഷത്തെ ബോണസ്, നാല് മാസത്തെ ശന്പള അടിശിക, സർവീസിൽ നിന്ന് പിരിഞ്ഞ 55 തൊഴിലാളികൾക്ക് ഗ്രാറ്റുവിറ്റി, മറ്റ് ആനുകൂല്യങ്ങൾ ലഭിക്കാനുണ്ട്. ഇത് കൊടുക്കാനെന്ന വ്യാജേനയാണ് ഭൂമി വിൽക്കാൻ ശ്രമിക്കുന്നത്. മുന്പ് ഇതേ ആവശ്യത്തിനായി ഭൂമി വിറ്റിട്ടും തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ നൽകിയില്ലെന്ന് തൊഴിലാളി യൂണിയൻ നേതാക്കൾ ആരോപിച്ചു.
സർക്കാർ തലത്തിൽ ചർച്ച ചെയ്തു മുഴുവൻ തൊഴിലാളികൾക്കും കിട്ടാനുള്ള മുഴുവൻ ആനുകൂല്യങ്ങളും നൽകുമെന്ന് ഉറപ്പ് ലഭിച്ച ശേഷമേ വിൽക്കാൻ അനുവദിക്കുകയുള്ളെന്നും എച്ച് ആർപിഇ യൂണിയൻ നേതാക്കളായ സി.ജെ. സുകുമാരൻ, കെ. വെള്ളദുരൈ, ഉദയകുമാർ, ശശികുമാർ, ദുരൈരാജ്, ചെല്ലദുരെ എന്നിവർ അറിയിച്ചു.