മികച്ച കുറ്റാന്വേഷകൻ എസ്ഐ സി.വി. ഉലഹന്നാൻ ഇനി ഓർമ
1225298
Tuesday, September 27, 2022 11:11 PM IST
അടിമാലി: നൂറുകണക്കിന് കേസുകൾ തെളിയിക്കുന്നതിൽ നിർണായക പങ്കുവഹിച്ച പോലീസ് സേനയിലെ മികച്ച കുറ്റാന്വേഷകൻ എസ്ഐ സി.വി. ഉലഹന്നാൻ ഇനി ഓർമ. വെള്ളത്തൂവൽ എസ്ഐയായിരുന്ന അദ്ദേഹം കരൾരോഗത്തെ തുടർന്ന് തിങ്കളാഴ്ച രാത്രിയാണ് മരിച്ചത്.
1993ലാണ് സേനയിൽ എത്തിയത്. മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയിട്ടുള്ള ഇദ്ദേഹം മൂന്നാർ ഡിവൈഎസ്പി ഓഫീസിന് കീഴിലായിരുന്നു മുഖ്യസേവനം. അടിമാലിയിലെ രാജധാനി കൂട്ടക്കൊലപാതകം, കമ്പകക്കാനം കൂട്ടക്കൊല കേസിലെ പ്രധാന പ്രതിയെ പിടികൂടുന്നതിനുള്ള ആസൂത്രണം, വെള്ളത്തൂവൽ സ്റ്റേഷനിലെ സിന്ധുവധം, തമിഴ്നാട്ടിലെ ഇറച്ചിൽ പാലത്തിലെ സാലി വധം, പതിനാലാം മൈൽ കുഞ്ഞൻപിള്ള വധം, അടിമാലിയിലെ ടാക്സി ഡ്രൈവറുടെ കൊലപാതകം, കുരിശുപറയിലെ വൃദ്ധന്റെ കൊലപാതകം, മറയൂർ എ.ടി.എം കവർച്ച തുടങ്ങി നിരവധി കേസുകളുടെ അന്വേഷണത്തിൽ പ്രധാനിയായിരുന്നു. അന്വേഷിച്ച കേസിൽ എല്ലാംതന്നെ പ്രതികളെ പിടികൂടിയിട്ടുണ്ട്.
വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലും രണ്ടു തവണ ബാഡ്ജ് ഓഫ് ഓണർ പുരസ്കാരവും ഉലഹന്നാനെ തേടിയെത്തിയിരുന്നു.