ട്രാക്ടർ മറിഞ്ഞ് ഡ്രൈവർ മരിച്ചു
1225295
Tuesday, September 27, 2022 11:11 PM IST
അടിമാലി: റോഡിൽ നിന്നു തടി വലിച്ചുകയറ്റുന്നതിനിടെ ട്രാക്ടർ മറിഞ്ഞ് ഡ്രൈവർ മരിച്ചു. മുരിക്കാശേരി നെടുംതറയിൽ സത്യന്റെ മകൻ ബിജു (43) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് അപകടം.
കൊന്നത്തടി മുതിരപുഴ സ്വപ്ന പടി സിറ്റിയിൽ വെട്ടിയിട്ടിരുന്ന തടി റോഡിലേക്ക് വലിച്ച് കയറ്റുവാൻ കൊണ്ടുവന്ന ട്രാക്ടറാണ് റോഡിന്റെ തിട്ട് ഇടിഞ്ഞ് മറിഞ്ഞത്. ബിജുവാണ് വാഹനം ഓടിച്ചിരുന്നത്. ആദ്യം തടി വലിച്ചപ്പോൾ വാഹനം റോഡിന്റെ മണ്‍തിട്ട ഇടിഞ്ഞ് ചരിഞ്ഞു. ഉടൻ വടം കൊണ്ട് വാഹനം കെട്ടി നിർത്തി. വീണ്ടും തടി വലിക്കുന്നതിനിടെ ട്രാക്ടർ മറിഞ്ഞപ്പോൾ ബിജു വാഹനത്തിൽ നിന്ന് എടുത്തുചാടി. തല ഇടിച്ചാണ് വീണത്.
തലയ്ക്കേറ്റ ക്ഷതമാണ് മരണത്തിന് കാരണമായത്. ഉടൻ അടിമാലി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. കീരിത്തോട് വരിക്കപ്ലായ്ക്കൽ കുടുംബാഗം സോണിയാണ് ഭാര്യ. മക്കൾ: ശ്രീഹരി, ഗൗരി.