കട്ടപ്പനയിൽ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം
1225232
Tuesday, September 27, 2022 10:36 PM IST
കട്ടപ്പന: കാല്‍വരിമൗണ്ടില്‍ പുതുതായി ആരംഭിക്കാനിരുന്ന വ്യാപാരസ്ഥാപനം കുത്തിത്തുറന്ന് മോഷണം. പണവും ഏലക്കാ പാക്കറ്റുകളും നഷ്ടപ്പെട്ടു. പരസ്യബോര്‍ഡും സിസി ടിവി കാമറകളും സ്ഥാപിക്കാനായി സൂക്ഷിച്ചിരുന്ന പണമാണ് മോഷണംപോയത്. കാഞ്ചിയാര്‍, കാല്‍വരിമൗണ്ട് സ്വദേശികളായ യുവാക്കള്‍ ചേര്‍ന്ന് നടത്തുന്ന ആദംസ് സ്പൈസിന്റെ പുതുതായി തുടങ്ങുന്ന സുഗന്ധവ്യഞ്ജന വിപണന ശാലയിലാണ് കഴിഞ്ഞ ദിവസം അര്‍ധരാത്രി മോഷണം നടന്നത്.
ഇന്നലെ രാവിലെ സമീപത്തെ പള്ളി അധികൃതരാണ് മോഷണം നടന്ന വിവരം ഉടമകളെ അറിയിച്ചത്. ഉടമകളായ ജിജോ മാത്യുവും ആന്റണി ചാക്കോയുമെത്തി നടത്തിയ പരിശോധനയില്‍ കടയ്ക്കുള്ളില്‍ വില്ക്കാൻ പാക്കറ്റുകളായി സൂക്ഷിച്ചിരുന്ന 20 കിലോ ഏലക്കായും പെട്ടിക്കുള്ളില്‍ സൂക്ഷിച്ചിരുന്ന 83,000 രൂപയും നഷ്ടമായതായി കണ്ടെത്തി. കടയുടെ ഒരു ഷട്ടര്‍ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്ത് കയറിയിരിക്കുന്നത്. തൊട്ടടുത്ത കെട്ടിടത്തില്‍നിന്ന് അടുത്തിടെയാണ് ആദംസ് സ്പൈസസ് മോഷണം നടന്ന കെട്ടിടത്തിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. ഇതിനായി ഏതാനും ദിവസം മുമ്പാണ് പഴയ കടയില്‍നിന്നു സാധനങ്ങള്‍ ഇവിടേക്ക് എത്തിച്ചത്.
കവര്‍ച്ച നടത്തിയ ശേഷം മോഷ്ടാവ് തൊട്ടടുത്തുതന്നെ നിര്‍മാണത്തിലിരിക്കുന്ന വീടിനുള്ളിലിരുന്ന് മദ്യപിച്ചതിന്റെയും ഏലയ്ക്കാ പാക്കറ്റ് കത്തിച്ചതിന്റെയും തെളിവുകള്‍ പോലീസിനു ലഭിച്ചു. കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ്മോന്റെ നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. അതേസമയം അടുത്തിടെയായി ഈ മേഖല കേന്ദ്രീകരിച്ച് മോഷണം വ്യാപകമാണെന്ന ആരോപണവും ഉയരുന്നുണ്ട്.
കട്ടപ്പന: സ്വരാജിലെ രണ്ട് വ്യാപാര സ്ഥാപനങ്ങളിൽ മോഷണം. പണവും സാധനങ്ങളും നഷ്ടമായി. പെരിയോൻകവലയിലെ രണ്ട് വ്യാപാരസ്ഥാപനങ്ങളിലാണ് രാത്രി മോഷണം നടന്നത്.
പെരിയോൻകവല ഈറ്റക്കാട്ടിൽ ഷാജിയുടെ ബേക്കറിയിൽ നിന്ന് 1250 രൂപയും ബേക്കറി ഉത്പന്നങ്ങളും മോഷ്ടിച്ചു. കടയുടെ മേൽക്കൂര ഷീറ്റ് പൊളിച്ചാണ് മോഷ്ടാവ് അകത്തു കയറിയത്. സമീപത്തുള്ള പുളിക്കൽത്താഴെ ബാബുവിന്റെ പലചരക്ക് കടയിൽനിന്ന് ആയിരം രൂപയും സാധനങ്ങളും മോഷ്ടിച്ചു. കട്ടപ്പന പോലീസ് അനേഷണം തുടങ്ങി.