സ്റ്റാന്‍ഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പ്; മൂന്നാറിൽ നാടകീയ രംഗങ്ങള്‍
1223914
Friday, September 23, 2022 10:14 PM IST
മൂന്നാര്‍: സിപിഐ അംഗം കോണ്‍ഗ്രസിലേക്ക് മാറിയതോടെ മൂന്നാര്‍ പഞ്ചായത്തിലെ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി തെരഞ്ഞെടുപ്പില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. തെരഞ്ഞെടുപ്പിന് സിപിഐയിലെ ഉമാ രമേഷായിരുന്നു പത്രിക നല്‍കിയത്. എന്നാല്‍ എതിര്‍സ്ഥാനാര്‍ഥിയായി സിപിഐയിലെതന്നെ തങ്കമുടിയും പത്രിക നല്കി. പാര്‍ട്ടിയിലെ ചില അംഗങ്ങളുടെ പിന്തുണയും കോണ്‍ഗ്രസ് അംഗങ്ങളുടെ പിന്തുണയും ലഭിച്ചതോടെ തങ്കമുടി വിജയിച്ചു.
പരസ്പരം കൂറുമാറുന്നവരുടെ എണ്ണം ഉയരുന്നതോടെ മൂന്നാര്‍ പഞ്ചായത്തിലെ ഭരണ അനിശ്ചിതാവസ്ഥ തുടരുകയാണ്. കോണ്‍ഗ്രസില്‍നിന്നു മാസങ്ങള്‍ക്കു മുമ്പ് അട്ടമറിയിലൂടെ ഇടതുപക്ഷം ഭരണം പിടിച്ചെടുത്തിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നു മത്സരിച്ച് ജയിച്ച രണ്ടു പേര് പ്രതിപക്ഷത്തേക്ക് ചാഞ്ഞതോടെയാണ് കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെട്ടത്. ഭരണപക്ഷത്തുനിന്നു ഒരംഗം മറുകണ്ടം ചാടിയതോടെ ഒരാളുടെ മാത്രം പിന്തുണ അധികമുള്ള മൂന്നാര്‍ പഞ്ചായത്തില്‍ ഏതുസമയത്തും ഭരണമാറ്റം ഉണ്ടാകാനുള്ള സാധ്യതയാണുള്ളത്.