ആരുടെ തലയിലും വീഴാം! അപകടാവസ്ഥയിലായിട്ടും വെയിറ്റിംഗ് ഷെഡ് പൊളിച്ചുനീക്കുന്നില്ല
1580878
Sunday, August 3, 2025 6:07 AM IST
കൊടുങ്ങൂർ: പതിനഞ്ചാം മൈലിൽ, ഗുരുമന്ദിരം സ്റ്റോപ്പിനും നെടുമാവിനും ഇടയിൽ കൊടുംവളവിൽ ഉപയോഗ യോഗ്യമല്ലാത്തതും വർഷങ്ങൾ പഴക്കമുള്ളതുമായ വെയിറ്റിംഗ് ഷെഡ് അപകടഭീഷണിയായി. രണ്ടു വീടുകളുടെ ഇടയിൽ അപകടാവസ്ഥയിൽ നിൽക്കുന്ന വെയിറ്റിംഗ് ഷെഡ് പൊളിച്ചുനീക്കണമെന്നാണ് ആവശ്യം.
ഇതിനോടു ചേർന്നുള്ള വീട്ടിലേക്ക് ഇറങ്ങുന്ന ഇടുങ്ങിയ വഴിയിലാണ് അപകടക്കെണി. ഇതുമൂലം വീട്ടുകാർക്കു വീടിന്റെ വാതിൽ തുറക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. കൊച്ചുകുട്ടികൾ ഉള്ളതിനാൽ ജീവാപായം ഭയന്നാണ് ഇവർ കഴിയുന്നത്. തകർന്നുവീണാൽ വീടിനും സാരമായ കേടുപാടുകൾ സംഭവിക്കും. പത്തടിയോളം കുഴിയിൽനിന്നു കയ്യാല കെട്ടിപ്പൊക്കി റോഡ് നിരപ്പിലാണ് ഷെഡ്.
ആകെ തകർന്നു
കാലങ്ങളായി സംരക്ഷണം ഇല്ലാതെയും എലികളും മറ്റും തുരന്നും കയ്യാലക്കെട്ടുകൾ തകർന്നിരിക്കുകയാണ്. ഉൾവശം തറ വിണ്ടുകീറി ഷെഡ് മൊത്തത്തിൽ ഇടിഞ്ഞുതാണ് പിറകോട്ട് ചെരിഞ്ഞ നിലയിലാണ്. ശക്തമായ മഴയിൽ പൊട്ടിക്കീറിയ ആസ്ബസ്റ്റോസ് ഷീറ്റുകൾക്കിടയിൽകൂടി വെള്ളം വീണ് മണ്ണ് മാറിയതും ബലക്ഷയത്തിനു കാരണമായി. ഇപ്പോൾ ഏതു സമയവും തകർന്നു നിലംപൊത്താവുന്ന അവസ്ഥയിലാണ്.
അടിയന്തരമായി വെയിറ്റിംഗ് ഷെഡ് പൊളിച്ചുനീക്കി അപകടം ഒഴിവാക്കണമെന്നാവശ്യപ്പെട്ടു വീട്ടുകാർ പഞ്ചായത്തിനും ജില്ലാ കളക്ടർക്കും പരാതി നൽകി.