കുറവിലങ്ങാട് ബൈബിൾ കൺവൻഷൻ പതിറ്റാണ്ടിന്റെ തിളക്കത്തിൽ
1580872
Sunday, August 3, 2025 6:07 AM IST
കുറവിലങ്ങാട്: ഓരോ വർഷവും ആയിരങ്ങൾ ഒഴുകിയെത്തുന്ന കുറവിലങ്ങാട് ബൈബിൾ കൺവൻഷൻ ഒരു പതിറ്റാണ്ടിന്റെ തിളക്കത്തിൽ. 28 മുതൽ സെപ്റ്റംബർ ഒന്നുവരെയാണ് ഈ വർഷത്തെ കൺവൻഷൻ. ഫാ. സേവ്യർഖാൻ വട്ടായിലിലാണ് നയിക്കുന്നത്.
പാലാ രൂപത മുഖ്യവികാരി ജനറാൾ മോൺ. ജോസഫ് തടത്തിൽ കുറവിലങ്ങാട് ഇടവകയിൽ വികാരിയായിരിക്കെയാണ് കുറവിലങ്ങാട് ബൈബിൾ കൺവൻഷൻ ആരംഭിക്കുന്നത്.
ഫാ. സേവ്യർഖാൻ വട്ടായിൽ, ഫാ. ഡാനിയേൽ പൂവണ്ണത്തിൽ, ഫാ. ഡൊമിനിക് വാളൻമനാൽ എന്നിവരടക്കമുള്ളവരാണ് കഴിഞ്ഞ വർഷങ്ങളിൽ കൺവൻഷനു നേതൃത്വം നൽകിയത്. കോവിഡുയർത്തിയ നിയന്ത്രണങ്ങളുടെ വർഷങ്ങളിലും ആർച്ച്പ്രീസ്റ്റായിരുന്ന റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയുടെ നേതൃത്വത്തിൽ മുടക്കം കൂടാതെ കൺവൻഷൻ നടത്തിയിരുന്നു.
പത്താമത് കൺവൻഷന്റെ ഉദ്ഘാടനം കൺവൻഷനു തുടക്കമിട്ട മോൺ. ജോസഫ് തടത്തിൽ നിർവഹിക്കും. എല്ലാ ദിവസങ്ങളിലും വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന, തുടർന്ന് വചനവിരുന്ന്. ഒൻപതിന് സമാപിക്കും.