സ്കൂള്‍മുറ്റങ്ങൾ കീഴടക്കി തെരുവുനായ്ക്കള്‍; ആശങ്കയോടെ മാതാപിതാക്കളും അധ്യാപകരും
1580870
Sunday, August 3, 2025 6:07 AM IST
പാലാക്കാട്: സ്കൂള്‍മുറ്റങ്ങൾ തെരുവുനായ്ക്കള്‍ കീഴടക്കുന്നു. ഇവയുടെ ഭീഷണി കാരണം കുട്ടികള്‍ക്ക് സ്കൂള്‍മുറ്റം പേടിസ്വപ്നമായി മാറുകയാണ്.
ഓടിക്കളിച്ചും ചിരിച്ചും കൂട്ടംകൂടി സൊറ പറഞ്ഞിരുന്നതുമായ സ്കൂള്‍മുറ്റത്ത് തെരുവുനായ്ക്കള്‍ കുട്ടികള്‍ക്കു നേരേ കുരച്ചു ചാടുന്നതും ആക്രമണ സ്വഭാവത്തോടെ ഓടിക്കുന്നതും പതിവായി. തെരുവുനായ ഭീഷണി മൂലം പല കുട്ടികളും സ്കൂളില്‍ പോകാന്‍ മടിക്കുന്നതായി മാതാപിതാക്കള്‍ പറഞ്ഞു.
പാലാക്കാട് നിര്‍മല്‍ ജ്യോതി പബ്ലിക് സ്കൂള്‍, പാലാ ഗവൺമെന്റ് സ്കൂള്‍ എന്നിവിടങ്ങളില്‍ തെരുവുനായ ശല്യം രൂക്ഷമാണ്. മറ്റു സ്കൂളുകളുടെയും ആരാധനാലയങ്ങളുടെയും പരിസരത്തും മുറ്റത്തും സ്ഥിതി വിഭിന്നമല്ല.
സ്കൂൾ വിദ്യാർഥികൾക്കു ശല്യമായി മാറിയിരിക്കുന്ന തെരുവുനായ്ക്കളെ ഇവിടെനിന്നു മാറ്റുന്നതിനോ നശിപ്പിച്ചുകളയുന്നതിനോ വേണ്ട നടപടി എത്രയും വേഗം സ്വീകരിക്കണമെന്ന് പിടിഎ കമ്മിറ്റി അധികാരികളോട് ആവശ്യപ്പെട്ടു.