സയൻസ് സിറ്റി ഉദ്ഘാടനച്ചടങ്ങ് : നാടിന്റെ ഉത്സവമാക്കുമെന്ന് മോൻസ് ജോസഫ് എംഎല്എ
1561402
Wednesday, May 21, 2025 7:02 AM IST
കുറവിലങ്ങാട്: കടുത്തുരുത്തി നിയോജക മണ്ഡലത്തിൽ യാഥാർഥ്യമാകുന്ന കേരളത്തിലെ ആദ്യത്തെ സയൻസ് സിറ്റിയുടെ ഉദ്ഘാടനം നാടിന്റെ മഹോത്സവമാക്കാൻ ക്രമീകരണങ്ങൾ ചെയ്തു വരുന്നതായി മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു.
2014 കാലഘട്ടത്തിൽ യുഡിഎഫ് സർക്കാരിൽ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ അധ്യക്ഷതയിൽ യുപിഎ നേതൃത്വം നൽകിയ കേന്ദ്രസർക്കാരിൽ കേന്ദ്രമന്ത്രിയായിരുന്ന എ.കെ. ആന്റണി തറക്കല്ലിട്ട് തുടക്കംകുറിച്ച കേരള സയൻസ് സിറ്റി വികസന പദ്ധതിയുടെ ആദ്യഘട്ടമാണ് ഇപ്പോൾ തുറന്നുകൊടുക്കുന്നതെന്ന് എംഎൽഎ വ്യക്തമാക്കി.
സംസ്ഥാന സർക്കാരിൽ നേതൃത്വം നൽകുന്ന മുഖ്യമന്ത്രിയുടെയും മന്ത്രിമാരായ ഡോ. ആർ. ബിന്ദുവിന്റെയും വി.എൻ. വാസവന്റെയും നേതൃത്വപരമായ പങ്കിനെ അഭിനന്ദിക്കുന്നു. ദീർഘനാളത്തെ കാലതാമസം ഉണ്ടായെങ്കിലും ആദ്യഘട്ടം ഉദ്ഘാടനം ചെയ്യാൻ ഇപ്പോൾ സാഹചര്യം ഉണ്ടാകുന്നത് അഭിമാനകരമാണ്.
നിയോജകമണ്ഡലത്തിലെ കുറവിലങ്ങാട് കേന്ദ്രമായി സയൻസ് സിറ്റി സ്ഥാപിക്കുന്നതിനായി കൃഷിവകുപ്പിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന 100 ഏക്കർ സ്ഥലത്തിൽ 30 ഏക്കർ സ്ഥലം വിട്ടുനൽകാൻ മന്ത്രിസഭാ തീരുമാനമെടുത്ത മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും അന്നത്തെ കൃഷിമന്ത്രി കെ.പി. മോഹനനെയും നന്ദിപൂർവം സ്മരിക്കുന്നതായി എംഎൽഎ അറിയിച്ചു.
സയൻസ് സിറ്റി ഉദ്ഘാടനച്ചടങ്ങ് രാഷ്ട്രീയത്തിനതീതമായി വമ്പിച്ച വിജയമാക്കി മാറ്റുന്നതിന് എല്ലാവിധ പിന്തുണയും അറിയിക്കുന്നതായും മോൻസ് ജോസഫ് എംഎൽഎ വ്യക്തമാക്കി.
ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കും
കുറവിലങ്ങാട്: സയൻസ് സിറ്റിയുടെ പ്രധാന പ്രവേശന കവാടത്തിൽ എംഎൽഎ ഫണ്ട് വിനിയോഗിച്ച് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ നടപടി സ്വീകരിച്ചതായി മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു. ഇതിന്റെ തുടർനടപടികൾക്കായി കോട്ടയം ജില്ലാ കളക്ടർക്കും ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിനും പ്രൊപ്പോസൽ കൈമാറി.
വൈദ്യുതി കണക്ഷൻ ലഭ്യമാക്കാനായി പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായിക്ക് കത്ത് നൽകിയിട്ടുണ്ട്. ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ ആറു ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്.