കാരുണ്യസ്പർശം പൂഞ്ഞാർ പദ്ധതി ഉദ്ഘാടനം ചെയ്തു
1563898
Sunday, June 1, 2025 12:13 AM IST
കാഞ്ഞിരപ്പള്ളി: സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന സേവന-സന്നദ്ധ സംഘടനയായ എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന കാരുണ്യസ്പർശം പൂഞ്ഞാർ പദ്ധതി കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്തു.
സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവരെയും ആശരണരെയും ചേർത്തുപിടിക്കുന്ന ഇത്തരം പദ്ധതികളിലൂടെ സമൂഹത്തിനാകെ വലിയൊരു സന്ദേശമാണ് നൽകാൻ കഴിയുന്നതെന്ന് ജോസ് കെ. മാണി എംപി പറഞ്ഞു. പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഏറ്റവും നിർധനരായ 100 കിടപ്പുരോഗികൾക്ക് പ്രതിമാസം ആയിരം രൂപ പ്രകാരം ഒരു വർഷത്തേക്ക് ധനസഹായം നൽകുന്നതാണ് പദ്ധതിയാണ് കാരുണ്യസ്പർശം.
എംഎൽഎ സർവീസ് ആർമി മുഖ്യ രക്ഷാധികാരി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിച്ചു. പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ മുഖ്യപ്രഭാഷണം നടത്തി. വെളിച്ചിയാനി സെന്റ് തോമസ് പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ പാലമൂട്ടിൽ, ഇടച്ചോറ്റി ആശ്രമം രക്ഷാധികാരി സരസ്വതി തീർഥപാദസ്വാമികൾ, പാറത്തോട് മുഹിയുദീൻ ജമാഅത്ത് ചീഫ് ഇമാം ജനാബ് അനസ് അൽ ഖാസിമി എന്നിവർ അനുഗ്രഹ പ്രഭാഷണങ്ങൾ നടത്തി. സാജൻ കുന്നത്ത്, ജോർജുകുട്ടി ആഗസ്തി, ബിജോയ് ജോസ്, തോമസ് കട്ടയ്ക്കൽ, ജോണിക്കുട്ടി മഠത്തിനകം, ഡയസ് കോക്കാട്ട്, സോഫി ജോസഫ്, കെ.പി. സുശീലൻ, ജിജിമോൾ ഫിലിപ്പ്, ബാബു ടി. ജോൺ, തോമസ് ചെമ്മരപ്പള്ളിൽ തുടങ്ങിയവർ പ്രസംഗിച്ചു.
മുന്പ് 100 കിടപ്പുരോഗികൾക്ക് പ്രതിമാസം ആയിരം രൂപ പ്രകാരം ഒരു വർഷം ധനസഹായം നൽകി വന്നിരുന്നു. ഇപ്പോൾ രണ്ടാംഘട്ടം എന്ന നിലയിലാണ് വീണ്ടും 100 രോഗികൾക്കായി പദ്ധതി ആരംഭിച്ചിട്ടുള്ളതെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പറഞ്ഞു.
പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ പത്തു പഞ്ചായത്തുകളിൽനിന്നായി തെരഞ്ഞെടുക്കപ്പെട്ട പത്തു സ്കൂളുകളിൽ നിന്നുള്ള 100 നിർധന വിദ്യാർഥികൾക്ക് സൗജന്യമായി നൽകുന്ന പഠനോപകരണങ്ങളുടെ വിതരണം, 25 നിർധന വൃക്കരോഗികൾക്ക് നൽകുന്ന സൗജന്യ ഡയാലിസിസ് കിറ്റ് വിതരണം എന്നിയുടെ ഉദ്ഘാടനവും ജോസ് കെ. മാണി എംപി നിർവഹിച്ചു.