വെള്ളക്കെട്ടിലകപ്പെട്ട വയോധികയെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി
1563842
Saturday, May 31, 2025 7:30 AM IST
ചങ്ങനാശേരി: വെള്ളത്താല്‍ ചുറ്റപ്പെട്ട വീട്ടില്‍നിന്ന് ആശുപത്രിയില്‍ പോകാന്‍ കഴിയാതെ കുടുങ്ങിയ വയോധികയെ ചങ്ങനാശേരി അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ചങ്ങനാശേരി നഗരസഭ വാര്‍ഡ് 22-ാം വാര്‍ഡില്‍ പെരുന്ന ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ഇന്ദിരയെയാണ് (73) രക്ഷപ്പെടുത്തിയത്. ഏറെനാളായി ചികിത്സയിലായിരുന്ന ഇവര്‍ക്ക് അസുഖം മൂർച്ഛിച്ചപ്പോള്‍ അഗ്നിരക്ഷാ സേനയുടെ സഹായം തേടുകയായിരുന്നു.
അഗ്നിരക്ഷാ സേന സ്റ്റേഷന് ഓഫീസര്‍ അനൂപ് രവീന്ദ്രന്റെ നേതൃത്വത്തില്‍ ഡിങ്കി ബോട്ട് എത്തിച്ചാണ് ഇന്ദിരയെ വെള്ളക്കെട്ടിനു പുറത്തെത്തിച്ചത്. തുടര്‍ന്ന് ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വാര്‍ഡ് കൗണ്‍സിലര്‍ മുരുകന് പറഞ്ഞു.
വെള്ളപ്പൊക്കം മൂലമുള്ള അടിയന്തര സാഹചര്യത്തില്‍ 0481-2420101 എന്ന നമ്പറില്‍ ഫയര്‍ഫോഴ്സിനെ വിളിക്കാവുന്നതാണ്.