റവ.ഡോ. സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍ ഇന്നു ചുമതലയേൽക്കും
1561186
Wednesday, May 21, 2025 1:34 AM IST
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ വികാരി ജനറാളായി റവ.ഡോ. സെ ബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍ ഇന്നു ചുമതലയേൽക്കും. കാഞ്ഞിരപ്പള്ളി രൂപത മൈനർ സെമിനാരി റെക്ടറായി ശുശ്രൂഷ നിർവഹിച്ചു വരവേയാണ് പുതിയ നിയമനം. രൂപത വികാരി ജനറാൾമാരായ റവ.ഡോ. ജോസഫ് വെള്ളമറ്റം, ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ എന്നിവർക്കൊപ്പം ഫാ. സെബാസ്റ്റ്യൻ വികാരി ജനറാൾ ചുമതല നിർവഹിക്കും.
കൊല്ലമുള സെന്റ് മരിയ ഗൊരേത്തി ഇടവക പരേതരായ ജേക്കബ്-ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ്. വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ വൈദിക പരിശീലനം പൂർത്തിയാക്കി. 1995 ജനുവരി രണ്ടിന് ശുശ്രൂഷാപൗരോഹിത്യം സ്വീകരിച്ചു. റോമിലെ ഹോളിക്രോസ് യൂണിവേഴ്സിറ്റിയിൽനിന്നു ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.
എലിക്കുളം ഇടവകയിൽ അസിസ്റ്റന്റ് വികാരി, നിർമലാപുരം അന്യാർതൊളു, എരുമേലി, ഇളങ്ങുളം ഇടവകകളിൽ വികാരി, രൂപത പബ്ലിക് റിലേഷൻസ് ഓഫീസർ, പാസ്റ്ററൽ അനിമേഷൻ ഡിപ്പാർട്ട്മെന്റ്, അമല കമ്യൂണിക്കേഷൻസ്, വിശ്വാസപരിശീലന കേന്ദ്രം, ചെറുപുഷ്പ മിഷൻലീഗ്, ബൈബിൾ അപ്പൊസ്തലേറ്റ്, കെരിഗ്മ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി എന്നിവയുടെ രൂപത ഡയറക്ടര്‍, മഹാജൂബിലി രൂപത കോ-ഓർഡിനേറ്റർ തുടങ്ങിയ ശുശ്രൂഷകൾ നിർവഹിച്ചിട്ടുണ്ട്.