ലഹരിമുക്ത കേരളം സന്ദേശ സൈക്കിള്‍ റാലി സംഘടിപ്പിച്ചു
1560900
Monday, May 19, 2025 7:20 AM IST
കോട്ടയം: ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍, കോട്ടയം സൈക്ലിംഗ് ക്ലബ് എന്നിവ ചേര്‍ന്ന് സംഘടിപ്പിച്ച ലഹരിമുക്ത കേരള സന്ദേശ സൈക്കിള്‍ റാലി ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ ഫ്ളാഗ് ഓഫ് ചെയ്തു.
കളക്ടറേറ്റില്‍നിന്ന് ആരംഭിച്ച റാലി സംക്രാന്തി, മെഡിക്കല്‍ കോളജ്, മാന്നാനം, അതിരമ്പുഴ, ഏറ്റുമാനൂര്‍, തിരുവഞ്ചൂര്‍, മണര്‍കാട് വഴി നാഗമ്പടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സമാപിച്ചു. സമാപന സമ്മേളനത്തില്‍ സൈക്ലിങ്ങില്‍ ദേശീയതലത്തില്‍ മെഡല്‍ നേടിയവരെ കോട്ടയം വെസ്റ്റ് പോലീസ് എസ്എച്ച്ഒ കെ.ആര്. പ്രശാന്ത് കുമാര്‍ ആദരിച്ചു.
ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ബൈജു വര്‍ഗീസ് ഗുരുക്കള്‍, സെക്രട്ടറി എല്‍. മായാദേവി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സാബു മുരിക്കവേലി, കെ.ആര്. ഷാജി എന്നിവര്‍ റാലിക്ക് നേതൃത്വം നല്കി. മന്ത്രി വി. അബ്ദുറഹ്മാന് നേതൃത്വം നല്കുന്ന കിക്ക് ഡ്രഗ്സ് ലഹരിവിരുദ്ധ സന്ദേശ യാത്രയ്ക്കു മുന്നോടിയായാണ് സൈക്കിള്‍ റാലി സംഘടിപ്പിച്ചത്.
കാസര്കോഡുനിന്നാരംഭിച്ച സന്ദേശയാത്ര ഇന്നു ജില്ലയില്‍ പര്യടനം നടത്തും. രാവിലെ 7.30 ന് ഏറ്റുമാനൂരിലും ഉച്ചകഴിഞ്ഞ് 3.30ന് കോട്ടയത്തും യാത്രയ്ക്ക് സ്വീകരണം നല്‍കും. സ്വീകരണത്തിനു മുന്നോടിയായി ഇന്നു രാവിലെ ആറിനു ചേര്‍പ്പുങ്കലില്‍നിന്ന് ഏറ്റുമാനൂരിലേക്ക് ലഹരിവിരുദ്ധ സന്ദേശ മാരത്തണും നടത്തും.