വീട്ടമ്മമാര്‍ക്ക് കൈത്താങ്ങായി പാമ്പാടി ബാങ്കിന്റെ നൂതന സംരംഭം
1560897
Monday, May 19, 2025 7:20 AM IST
പാമ്പാടി: പാമ്പാടി സര്‍വീസ് സഹകരണ ബാങ്ക് വീട്ടമ്മമാര്‍ക്ക് കൈത്താങ്ങായി ഒരു നൂതന സംരംഭം ആരംഭിക്കുന്നു. തിരക്കുപിടിച്ച ജീവിതത്തില്‍ പച്ചക്കറി അരിയുന്ന പ്രയാസം മൂലം പലരും ഫാസ്റ്റ് ഫുഡ് തെരഞ്ഞെടുക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു.
ഈ സാഹചര്യത്തില്‍ ശുചീകരിച്ച വിന്നാഗിരി, മഞ്ഞള്‍, കല്ലുപ്പ് തുടങ്ങിയവ ഉപയോഗിച്ച് പച്ചക്കറികള്‍ കഴുകി അരിഞ്ഞ അവിയല്‍ കൂട്ട്, സാമ്പാര്‍കൂട്ട്, പയര്‍, ചുണ്ട്, കപ്പളങ്ങ, മറ്റ് തോരന്‍ കറിയിനങ്ങൾ, തേങ്ങ ചുരണ്ടിയത്,
ഉള്ളി പൊളിച്ചത് തുടങ്ങിയവ പായ്ക്കറ്റുകളിലാക്കി നിലവിലെ മാര്‍ക്കറ്റ് വിലയ്ക്ക് ആനുപാതികമായ നിരക്കില്‍ റെഡി ടു കുക്ക് എന്ന പേരിൽ വിതരണത്തിന് എത്തിക്കുന്നു. മാര്‍ക്കറ്റ് ജംഗ്ഷനില്‍ പാമ്പാടി പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിലാണ് വിപണനകേന്ദ്രം തുറക്കുന്നത്. രാവിലെ ഒമ്പതു മുതല്‍ രാത്രി ഏഴു വരെയാണ് പ്രവര്‍ത്തനം.
റെഡി ടു കുക്ക് സാധനങ്ങള്‍ക്കു പുറമേ ഗുണമേന്മ തെളിയിച്ച സഹകരണ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങളും വിപണന കേന്ദ്രത്തില്‍ ലഭിക്കും. റെയിഡ്കോയുടെ ശുദ്ധമായ കറിപൗഡറുകള്‍, കര്‍ഷകരിൽനിന്ന് നേരിട്ട് ശേഖരിക്കുന്ന പുതിയ തേയിലയില്നിന്നു തങ്കമണി സര്‍വീസ് സഹകരണ ബാങ്ക് നിര്‍മിക്കുന്ന രുചികരമായ സഹ്യ തേയില,
റബ്കോയുടെ ശുദ്ധമായ വെളിച്ചെണ്ണ, ഗുരുവായൂര്‍ അമ്പലത്തില്‍ കദളിപ്പഴം നല്കുന്ന തൃശൂര്‍ ലേബര്‍ കോണ്ടാക്ട് സൊസൈറ്റി ഉത്പാദിപ്പിക്കുന്ന കദളിപ്പഴം കൊണ്ടുള്ള ഹല്‍വ, പൊക്കാളി റൈസ്, ഗിര്‍ പശുവിന്റെ നെയ്യ്, തൈര്, എറണാകുളത്തെ സഹകരണസ്ഥാപനത്തിന്റെ ഉത്പന്നമായ ചക്കപ്പഴം കൊണ്ടുള്ള ചിപ്സ്, മറയൂര്‍ ശര്‍ക്കര, ചിറ്റൂര്‍ യുവജന സംഘം നിര്‍മിക്കുന്ന വാഴപ്പിണ്ടി ജ്യൂസ്, വാഴച്ചുണ്ട് ചമ്മന്തിപ്പൊടി എന്നിവയും ഷോപ്പില്‍ ലഭിക്കും.
22നു രാവിലെ 9.30ന് മന്ത്രി വി.എന്‍. വാസവന് ഷോപ്പ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സഹകരണ യൂണിയന് ഡയറക്ടര്‍ കെ.എം. രാധാകൃഷ്ണന് ആദ്യ വില്പന നിര്‍വ്വഹിക്കും. എംജി യൂണിവേഴ്സിറ്റി സിന്‍ഡിക്കറ്റംഗം റെജി സഖറിയ സ്കൂള്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്യും. ബാങ്ക് പ്രസിഡന്റ് വി.എം. പ്രദീപ് അധ്യക്ഷനാകും.