ഇടക്കുന്നം-കൊരട്ടിപ്പടി-നാടുകാണി റോഡ് ഉദ്ഘാടനം ചെയ്തു
1560718
Sunday, May 18, 2025 11:59 PM IST
പാറത്തോട്: പാറത്തോട് പഞ്ചായത്ത് എട്ടാം വാർഡിലെ ഇടക്കുന്നം-കൊരട്ടിപ്പടി-നാടുകാണി റോഡ് എംഎൽഎ ഫണ്ടിൽനിന്ന് പത്തു ലക്ഷം രൂപ അനുവദിച്ച് കോൺക്രീറ്റിംഗ് നടത്തി ഗതാഗതയോഗ്യമാക്കിയതിന്റെ ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ സുമിന അലിയാർ, പഞ്ചായത്തംഗങ്ങളായ ഡയസ് കോക്കാട്ട്, കെ.യു. അലിയാർ, ജമാഅത്ത് സെക്രട്ടറി ബഷീർ കല്ലാനിക്കൽ, മുഹമ്മദ് ഫൈസൽ, അബ്ദുൾ സലാം, റഷീദ് മുക്കാലി, തോമസ് വാഴക്കാപാറ, ജോയി തെക്കേവയലിൽ തുടങ്ങിയവർ പ്രസംഗിച്ചു.
ഇടക്കുന്നം-വട്ടക്കാവ് റോഡിന് സമാന്തരമായി ഇടക്കുന്നം തോടിന്റെ തീരത്തുകൂടി പോകുന്ന ഈ തീരദേശ റോഡ് കൊരട്ടിപ്പടി ഭാഗത്തെയും നാടുകാണി അടിവാരം ഭാഗത്തെയും നിരവധി കുടുംബങ്ങളുടെ ഏക ഗതാഗത മാർഗമാണ്. പ്രളയത്തിലും മറ്റും തകർന്നിരുന്ന ഈ റോഡിൽ വാഹനഗതാഗതം ദുരിതപൂർണമായിരുന്നു. വാർഡ് മെംബർ സുമിന അലിയാരുടെയും റോഡ് വികസന സമിതി കൺവീനർ ജോയി തെക്കേവയലിന്റെയും നേതൃത്വത്തിൽ എംഎൽഎയ്ക്ക് നിവേദനം നൽകിയതിനെത്തുടർന്നാണ് പത്തു ലക്ഷം രൂപ അനുവദിച്ചത്.
മുന്പ് എംഎൽഎ ഫണ്ടിൽനിന്ന് മൂന്നു ലക്ഷം രൂപയും പഞ്ചായത്ത് ഫണ്ട് ആറു ലക്ഷം രൂപയും ഉപയോഗിച്ച് റോഡിന്റെ ആദ്യഭാഗങ്ങൾ കോൺക്രീറ്റ് ചെയ്തിരുന്നു. തോട്ടുതീരത്ത് സംരക്ഷണവേലിയും നിർമിച്ചിരുന്നു. ഇപ്പോൾ നടത്തിയ കോൺക്രീറ്റിംഗ് പ്രവൃത്തികൾ കൂടി പൂർത്തീകരിച്ചതോടെ ജനവാസ മേഖലകളിൽ പൂർണമായും റോഡ് ഗതാഗതയോഗ്യമായി.