വേനലവധി വെറുതേകളയാനല്ല; ലയയും ലീനും തിരക്കിലാണ്
1560659
Sunday, May 18, 2025 7:31 AM IST
കടുത്തുരുത്തി. വേനലവധിക്കാലം വസ്ത്ര ശേഖരണത്തിനായി മാറ്റിവച്ച് സഹോദരങ്ങള്‍. കടുത്തുരുത്തി സെന്റ് കുര്യാക്കോസ് പബ്ലിക് സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനി ലയ മരിയ ബിജുവും ആറാം ക്ലാസ് വിദ്യാര്‍ഥിയായ സഹോദരന് ലീന്‍ ബി. പുളിക്കനുമാണ് അവധിക്കാലം വസ്ത്രശേഖരണത്തിനായി മാറ്റിവച്ചിരിക്കുന്നത്.
വസ്ത്രങ്ങള്‍ ശേഖരിച്ചു ക്ലോത്ത് ബാങ്കിന് നല്‍കുകയാണ് ലക്ഷ്യം. ക്ലോത്ത് ബാങ്കില്‍നിന്നു വസ്ത്രങ്ങള്‍ സൗജന്യമായി ആര്‍ക്കും നല്‍കും. വീടുകളിലെത്തി ശേഖരിക്കുന്ന വസ്ത്രങ്ങള്‍ ആദ്യം തരംതിരിക്കും. പിന്നീട് ലയയും ലീനും ചേര്‍ന്ന് ഇവ വൃത്തിയായി കഴുകി ഉണക്കിയെടുക്കും. തുടര്‍ന്ന് ഇവ തേച്ചു മടക്കി അടുക്കിവയ്ക്കും.
ശേഖരിച്ച വസ്ത്രങ്ങള്‍ സ്കൂള്‍ മാനേജര്‍ ഫാ. ബിനോ ചേരിയില്‍, പ്രിന്‍സിപ്പല്‍ ഫാ. അജീഷ് കുഞ്ചിറക്കാട്ട്, സഹമാനേജര്‍ ഫാ. ജിന്‍സ് അലക്സാണ്ടര്‍ എന്നിവര്‍ക്ക് കൈമാറും. സ്കൂള്‍ അധികൃതര്‍ വസ്ത്രങ്ങള്‍ പിന്നീട് ക്ലോത്ത് ബാങ്കിന് കൈമാറും.
ലയയും ലീനും ചേര്‍ന്ന് ഇത്തരത്തില്‍ രണ്ടുതവണ വസ്ത്രങ്ങള്‍ കൈമാറി. ആവശ്യക്കാര്‍ക്ക് ഇവര്‍ വീടുകളില്‍ എത്തിച്ചും നല്‍കുന്നുണ്ട്. കഴിഞ്ഞ അവധിക്കാലത്ത് ജലസ്രോതസുകളില്‍നിന്നും റോഡുകളില്‍നിന്നും മാലിന്യം നീക്കം ചെയ്യുന്ന ജോലികളായിരുന്നു ഇരുവരും നടത്തിയത്. സ്കൂളിന്റെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണയും ഇരുവര്‍ക്കുമുണ്ട്.
ലയ മരിയ ഇക്കുറി പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ വണ്‍ നേടി വിജയിച്ചിരുന്നു. പഠനത്തോടൊപ്പം പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലും സജീവമായി തുടരാനാണ് സഹോദരങ്ങളുടെ തീരുമാനം.