ചങ്ങനാശേരി അതിരൂപത ദിനാഘോഷം: ഇടവകകളില്‍ ഇന്ന് പതാക ഉയര്‍ത്തും
1560648
Sunday, May 18, 2025 7:17 AM IST
ഛായാചിത്ര ദീപശിഖാ പ്രയാണങ്ങള്‍ നാളെ
ചങ്ങനാശേരി: 139-ാമത് ചങ്ങനാശേരി അതിരൂപതാദിനാഘോഷങ്ങളുടെ മുന്നോടിയായി
ഇന്ന് ഇടവകതല ആഘോഷം നടത്തും. വിവിധ ഇടവകകളില്‍ വിശുദ്ധകുര്‍ബാന, അതിരൂപതാദിന പ്രതിജ്ഞ, അതിരൂപതാദിന സന്ദേശം, പതാക ഉയര്‍ത്തല്‍ എന്നിവ നടത്തും.
നാളെ വിളംബരദിനമായി ആചരിക്കും. ഉച്ചയ്ക്ക് ഒന്നിന് കര്‍ദിനാള്‍ മാര്‍ ആന്റണി പടിയറയുടെ മാതൃ ഇടവകയായ മണിമല സെന്റ് ബേസില്‍ പള്ളിയില്‍നിന്ന് ഛായാചിത്ര പ്രയാണം ആരംഭിക്കും. മണിമല പള്ളി വികാരി ഫാ. മാത്യു താന്നിയത്ത് ഛായാചിത്രം യുവദീപ്തി അതിരൂപത പ്രസിഡന്റ് അരുണ്‍ ടോമിനു കൈമാറും.
ഉച്ചകഴിഞ്ഞ് രണ്ടിന് ധന്യന്‍ മാര്‍ തോമസ് കുര്യാളശേരിയുടെ മാതൃ ഇടവകയായ ചമ്പക്കുളം ഫൊറോനാ പള്ളിയില്‍നിന്ന് ദീപശിഖാപ്രയാണം ആരംഭിക്കും. ചമ്പക്കുളം ഫൊറോനാ വികാരി റവ.ഡോ. ജയിംസ് പാലയ്ക്കല്‍ മിഷന്‍ലീഗ് അതിരൂപത ഓര്‍ഗനൈസിംഗ് പ്രസിഡന്റ് ടിന്റോ സെബാസ്റ്റ്യന്‍ ദീപശിഖ കൈമാറും.
ഛായാചിത്ര-ദീപശിഖാ പ്രയാണങ്ങള്‍ വിവിധ ഇടവകകളിലൂടെ കടന്ന് അരമനപ്പടിയില്‍ സംഗമിക്കും. വൈകുന്നേരം അഞ്ചിന് ഛായാചിത്ര-ദീപശിഖാ പ്രയാണങ്ങള്‍ക്ക് ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പള്ളിയില്‍ സ്വീകരണം നല്‍കും.
ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ഛായാചിത്രവും ദീപശിഖയും ഏറ്റുവാങ്ങി ചങ്ങനാശേരി ഫൊറോന യുവദീപ്തി പ്രസിഡന്റ് ഈപ്പന് മാത്യു, മിഷന്‍ലീഗ് ചങ്ങനാശേരി മേഖലാ പ്രസിഡന്റ് ഹയ ടോജി എന്നിവര്‍ക്ക് കൈമാറി സന്ദേശം നല്‍കും. മോണ്‍. ആന്റണി എത്തയ്ക്കാട്ട് റംശ നയിക്കും.