കിക്ക് ഡ്രഗ്സ് സന്ദേശയാത്ര നാളെ ജില്ലയിൽ
1560647
Sunday, May 18, 2025 7:17 AM IST
കോട്ടയം: സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ കാമ്പയിന്റെ ഭാഗമായി ലഹരി ഉപയോഗിക്കാതിരിക്കുക, സ്പോർട്സാണ് ലഹരി എന്ന മുദ്രാവാക്യം ഉയർത്തി മന്ത്രി വി. അബ്ദുറഹ്മാൻ നേതൃത്വം നൽകുന്ന കിക്ക് ഡ്രഗ്സ് സന്ദേശ യാത്ര നാളെ ജില്ലയിൽ പര്യടനം നടത്തും.
ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ രാവിലെ ആറിന് ചേർപ്പുങ്കൽ കവലയ്ക്ക് സമീപമുള്ള മാർ സ്ലീവാ ഷോപ്പിംഗ് കോംപ്ലക്സിന് മുന്നിൽനിന്ന് കായികതാരങ്ങളും ബഹുജനങ്ങളും ജനപ്രതിനിധികളും നേതൃത്വം നൽകുന്ന മാരത്തൺ ജോസ് കെ. മാണി എംപി ഫ്ളാഗ് ഓഫ് ചെയ്യും.
രാവിലെ എട്ടിന് പേരൂർ കവലയിൽ എത്തിച്ചേരുന്ന ലഹരിവിരുദ്ധ സന്ദേശ യാത്രയെ മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ സ്വീകരിക്കും. തുടർന്ന് ഏറ്റുമാനൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡ് മൈതാനത്ത് അവസാനിക്കുന്ന വാക്കത്തോണിൽ മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, ജനപ്രതിനിധികൾ, സാംസ്കാരിക നായകന്മാർ, മത-സമുദായിക നേതാക്കൾ, അസോസിയേഷൻ പ്രതിനിധികൾ, കായിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും. ലഹരിവിരുദ്ധ സമ്മേളനവും, മാരത്തൺ വിജയികൾക്കുള്ള സമ്മാനദാനവും അസോസിയേഷനുകളുടെ നേതൃത്വത്തിൽ വിവിധ പരിപാടികളും നടത്തപ്പെടും.
രാവിലെ 11ന് കളിക്കളം വീണ്ടെടുക്കൽ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഗ്രൗണ്ട് സന്ദർശനവും കായികോപകരണങ്ങളുടെ വിതരണവും കായികമന്ത്രി നിർവഹിക്കും. ലഹരിവിരുദ്ധ പ്രചാരണ യാത്രയ്ക്ക് മുന്നോടിയായി ഇന്നു കളക്ടറേറ്റിൽനിന്ന് ആരംഭിക്കുന്ന സൈക്കിൾ റാലി ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഫ്ളാഗ് ചെയ്യും.