ഇരട്ടി മധുരത്തിൽ ഇരട്ട സഹോദരിമാർ
1549759
Wednesday, May 14, 2025 11:50 PM IST
കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് കോളജിനും വെട്ടിക്കല്‍ കുടുംബത്തിനും ഇരട്ടി മധുരം. ഇരട്ട വിദ്യാര്‍ഥികളായ ലിയാ ട്രീസ ജോര്‍ജ്, ലിസാ മറിയം ജോര്‍ജ് എന്നിവര്‍ക്കാണ് എംജി സര്‍വകലാശാല ബിഎ ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ഒന്നാം റാങ്ക്. സെന്റ് ഡൊമിനിക്സ് കോളജിലെ ബിഎ ഇംഗ്ലീഷ് ലിറ്ററേച്ചര്‍ വിദ്യാര്‍ഥികളാണ് ഇരുവരും. റാങ്ക് സ്ഥാനം നിര്‍ണയിക്കുന്ന ക്യുമലീറ്റീവ് ക്രെഡിറ്റ് പോയിന്റ് ആവറേജിൽ (സിസിപിഎ) ഇരുവര്‍ക്കും 8.43 ഉം എ ഗ്രേഡുമാണ് ലഭിച്ചത്.
പൊടിമറ്റം വെട്ടിക്കല്‍ രാജു മാത്യു - റീന രാജു ദമ്പതികളുടെ മക്കളാണ് ഇവര്‍. പിതാവ് രാജു മാത്യു സെയിൽസ് എക്സിക്യൂട്ടീവാണ്. മാതാവ് റീന മേരികുളം സെന്റ് മേരീസ് ഹയർ സെക്കന്‍ഡറി സ്കൂളിലെ മലയാളം അധ്യാപികയാണ്. മാത്യു ജോര്‍ജാണ് സഹോദൻ. ഒന്നാം ക്ലാസ് മുതല്‍ ഒരേ ക്ലാസിലിരുന്നാണ് ലിയയും ലിസയും പഠിച്ചത്. പത്താം ക്ലാസില്‍ ഫുള്‍ എ പ്ലസും ഇരുവര്‍ക്കും ലഭിച്ചിരുന്നു.