കാഞ്ഞിരപ്പള്ളി താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ യുഡിഎഫിന്
1549750
Wednesday, May 14, 2025 11:50 PM IST
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സർക്കിൾ സഹകരണ യൂണിയനിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് ആധിപത്യം നേടി. നിലവിലുളള സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി. സതീശ് ചന്ദ്രൻ നായർ നേതൃത്വം നൽകിയ പാനൽ പത്തിൽ എട്ടു സീറ്റ് നേടി ആധിപത്യം നില നിർത്തി.
യുഡിഎഫ് പാനലിൽ മത്സരിച്ച പി. സതീശ് ചന്ദ്രൻ നായർ (നോൺ ക്രെഡിറ്റ് സംഘം പ്രതിനിധി), അഭിലാഷ് ചന്ദ്രൻ (എസ്സിബി, ചിറക്കടവ്), സുനിൽ തേനംമാക്കൽ (എസ്സിബി, കാഞ്ഞിരപ്പള്ളി സെൻട്രൽ), ലാജി തോമസ് മാടത്താനിയിൽ (എസ്സിബി, ചിറക്കടവ്), ബോബി കെ. മാത്യു (എസ്സിബി, മുണ്ടക്കയം സഹകരണ ബാങ്ക് പ്രതിനിധി), പ്രകാശ് പുളിക്കൽ (മിൽക്ക് സൊസൈറ്റി പ്രതിനിധി), എം.ജെ. ആനിയമ്മ (വനിതാ പ്രതിനിധി എസ്സിബി, കാഞ്ഞിരപ്പള്ളി), മജോ സക്കറിയാസ് (നോൺ ക്രെഡിറ്റ് സംഘ ജീവനക്കാരുടെ പ്രതിനിധി - പൊൻകുന്നം എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് സഹകരണ സംഘം) എന്നിവരും എൽഡിഎഫ് പാനൽനിന്നു എ.ജെ. ഗിരീഷ് കുമാർ (സഹകരണ ബാങ്ക് ജീവനക്കാരുടെ പ്രതിനിധി), പി.വി. പ്രസാദ് (എസ്സി, എസ്ടി പ്രതിനിധി) എന്നിവരും വിജയിച്ചു.
സർക്കിൾ സഹകരണ യൂണിയൻ അംഗങ്ങളുടെ സത്യപ്രതിജ്ഞയും ചെയർമാൻ തെരഞ്ഞെടുപ്പും നാളെ കാഞ്ഞിരപ്പള്ളി സർക്കിൾ സഹകരണ യൂണിയൻ ഓഫീസിൽ നടത്തും. തെരഞ്ഞെടുപ്പിനുശേഷം യുഡിഎഫ് പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം സർക്കിൾ സഹകരണ യൂണിൻ ഓഫീസിൽ നിന്ന് ആരംഭിച്ച് കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ സമാപിച്ചു.
അനുമോദന യോഗത്തിൽ ഡിസിസി ജനറൽ സെക്രട്ടറി പി.എ. ഷെമീർ, കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം തോമസ് കുന്നപ്പള്ളി, കോൺഗ്രസ് ബ്ലോക്ക് പ്രസിന്റുമാരായ പി. ജീരാജ്, ബിനു മറ്റക്കര, മനോജ് തോമസ്, ഡിസിസി എക്സിക്യൂട്ടീവ് അംഗം റോയി കപ്പലുമാക്കൽ, കേരളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മറിയാമ്മ ടീച്ചർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ കെ.എസ്. രാജു, സേവ്യർ മൂലകുന്ന്, ബിജു പത്യാല, ആർഎസ്പി നേതാവ് മുണ്ടക്കയം സോമൻ എന്നിവർ പ്രസംഗിച്ചു.