മതിൽ പൊളിച്ചു മാറ്റാൻ ഉത്തരവ് : നടപ്പിലാക്കാതെ കോട്ടയം നഗരസഭ നാട്ടകം കാര്യാലയം
1451675
Sunday, September 8, 2024 6:57 AM IST
നാട്ടകം: കെട്ടിട നിർമാണ ചട്ടങ്ങൾ ലംഘിച്ചു നിർമിച്ച റോഡിലേക്കു തള്ളി നിൽക്കുന്ന മതിൽ പൊളിച്ചുമാറ്റാൻ ഉത്തരവായിട്ടും നടപ്പിലാക്കാതെ കോട്ടയം നഗരസഭ നാട്ടകം കാര്യാലയം.
നഗരസഭ 43-ാം വാർഡായ ചെട്ടിക്കുന്നു കരയിലാണ് സംഭവം. ഇരുമ്പ് ഷീറ്റ് കൊണ്ടു നിർമിച്ച മതിലാണ് പൊളിച്ചു മാറ്റാൻ ഉത്തരവായിട്ടും നടപ്പിലാക്കാതെ ഉദ്യോഗസ്ഥർ ഒളിച്ചുകളിക്കുന്നത്. എപ്പോഴും യാത്രക്കാരുള്ള ചെട്ടിക്കുന്ന് പോക്കറ്റ് റോഡിലേക്കാണ് മതിൽ തള്ളിനിൽക്കുന്നത്. അതേസമയം, രാഷ്ട്രീയ സമ്മർദ്ദം മൂലമാണ് ഉദ്യോഗസ്ഥർ തുടർ നടപടികൾ സ്വീകരിക്കാത്തതെന്നാണ് പ്രദേശവാസികളുടെ ആരോപണം.
മതിൽ പൊളിച്ചു മാറ്റണമെന്ന ജൂലെെ മാസത്തെ ഉത്തരവാണ് അമ്പതു ദിവസം പിന്നിട്ടിട്ടും കടലാസിൽ മാത്രമായി ഒതുങ്ങുന്നത്. മതിൽ പൊളിച്ചു മാറ്റാത്തതിനാൽ അത്യാസന നിലയിൽ കഴിയുന്ന ഒരു രോഗിയെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കാൻ പോലും കഴിയില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. വിഷയത്തിന്മേൽ അടിയന്തരമായി ജില്ലാ തദ്ദേശ സ്വയം ഭരണ വകുപ്പ് അധികാരികൾ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.