വാട്ടർ റീസൈക്ലിംഗ് മോഡൽ സിസ്റ്റം അറ്റ് ഹോം ശ്രദ്ധേയമായി
1480017
Monday, November 18, 2024 5:55 AM IST
ആലപ്പുഴ: വീടുകളിലെ മലിനജലം എങ്ങനെ ശുദ്ധികരിച്ചു ഉപയോഗിക്കാം എന്ന ആശയവുമായിട്ടാണ് കോഴിക്കോട് തുറയൂർ ബിടിഎം എച്ച്എച്ച്എസ് ഹയർ സെക്കൻഡറി വിദ്യാർഥികളായ സന ഫാത്തിമയും അമീൽ ഷഹാനും സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ പങ്കെടുത്തത്.
മലിനജലം ശേഖരിക്കുന്ന ടാങ്കിൽ ഘടിപ്പിച്ചിരിക്കുന്ന ഫ്ലോട്ടിംഗ് സിസ്റ്റം വെള്ളത്തിന്റെ അളവ് തിരിച്ചറിയുകയും തുടർന്ന് വെള്ളം ഹെഡർ ടാങ്കിലേക്കും എത്തുന്നു. അവിടെവച്ച് രാസപ്രവർത്തനം നടന്ന് ഫൈൻ സാൻഡ് ഫിൽറ്ററേഷനിലൂടെ ചാർക്കോൽ ടാങ്കിലേക്കും എത്തുന്നു.
പിന്നീട് ഇവർ തന്നെ തയാറാക്കിയ നീം, തുളസി, മുരിങ്ങക്ക തുടങ്ങിയവ ഉണക്കി പൊടിച്ചുണ്ടാക്കിയ ഹെർബൽ സൊല്യൂഷനിലേക്ക്. അവസാനം ലഭിക്കുന്ന വെള്ളം നീറ്റുകക്ക ഉപയോഗിച്ച് ശുദ്ധികരിക്കുകയും ചെയ്യുന്നു എന്നതാണ് ഇതിന്റെ പ്രവർത്തന രീതി.
ബാക്കി വരുന്ന വെള്ളം രാത്രികാലങ്ങളിൽ ഒരു മിനിറ്റ് എന്ന സമയക്രമേണ ചെടി നനയ്ക്കുന്നതിനായി എൽ ഡി ആർ സർക്യൂട്ടിൽ പ്രവർത്തിക്കുന്ന ഒരു ഓട്ടോമാറ്റിക് സിസ്റ്റവും ഇവർ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വീടുകളിൽ ചുരുങ്ങിയ ചെലവിൽ നിർമിക്കാൻ കഴിയുന്ന ഒന്നാണ് വാട്ടർ റീ സൈക്ലിംഗ് മോഡൽ സിസ്റ്റം എന്നും അമീനും സന ഫാത്തിമയും പറഞ്ഞു.