വേലിയേറ്റം: എൺപതുംപാടം പാടശേഖരത്ത് മടവീഴ്ച
1480303
Tuesday, November 19, 2024 7:16 AM IST
മങ്കൊമ്പ്: കഴിഞ്ഞ ഒരാഴ്ചയിലേറെയായി കുട്ടനാട്ടിലനുഭവപ്പെടുന്ന ശക്തമായ വേലിയേറ്റത്തെത്തുടർന്ന് പുളിങ്കുന്ന് കൃഷിഭവൻ പരിധിയിലെ എൺപതുംപാടശേഖരത്തിൽ മടവീഴ്ച. 65 ഏക്കർ വിസ്തൃതിയുള്ള പാടശേഖരത്തിൽ മുഴുവൻ കർഷകരും ചെറുകിടക്കാരാണ്.
പുഞ്ചകൃഷിക്കായി നിലമൊരുക്കൽ ജോലികൾ പൂർത്തിയാക്കി വിതയ്ക്കു തയാറെടുക്കുന്ന സാഹചര്യത്തിലാണ് മടവീഴ്ച സംഭവിച്ചിരിക്കുന്നത്. പുലർച്ചെ വേലിയേറ്റം ശക്തമായതിനെത്തുടർന്ന് പാടശേഖരത്തിന്റെ പുറംബണ്ടിൽ അള്ള് രൂപപ്പെട്ടിരുന്നു. ഇതേത്തുടർന്ന് പാടശേഖരത്തിലേക്കു വെള്ളം കയറാൻ തുടങ്ങിയിരുന്നു. പാടശേഖരസമിതിയുടെ നേതൃത്വത്തിൽ മടകുത്താനുള്ള നടപടികൾ ആരംഭിച്ചു.
എന്നാൽ. പകൽസമയം മുഴുവൻ പാടശേഖരസമിതിയുടെയും കർഷകരുടെയും നേതൃത്വത്തിൽ പുറംബണ്ട് ബലപ്പെടുത്താനുള്ള നടപടികൾ സ്വീകരിച്ചെങ്കിലും അള്ള് കൂടുതൽ വലുതാകുകയും മടവീഴ്ച സംഭവിക്കുകയുമായിരുന്നു.
യാത്രാസൗകര്യം കുറവുള്ള പ്രദേശമായതിനാൽ മട തടയാൻ വേണ്ട സാധനങ്ങൾ എത്തിക്കുന്നതും ശ്രമകരമായിരുന്നു. പുറംബണ്ടിൽനിന്നിരുന്ന തെങ്ങുകൾ വെട്ടിയും ഉയരമുള്ള ബണ്ടിൽനിന്ന് ജെസിബി ഉപയോഗിച്ച് മണ്ണെടുത്തു ചാക്കുകളിൽ നിറച്ചുമാണ് മടവീഴ്ച തടയാനുള്ള ശ്രമങ്ങൾ നടന്നത്.
പാടശേഖരത്ത് വെള്ളം നിറഞ്ഞതോടെ പരിസരത്തെ താമസക്കാരുടെ പുരയിടങ്ങളിലും വീടുകളിലും വെള്ളം കയറിത്തുടങ്ങി. ഇനി മടകുത്തി വെള്ളംവറ്റിച്ചെടുക്കുന്നതു വരെ വേലിയേറ്റ സമയങ്ങളിൽ പ്രദേശവാസികളുടെ ദുരിതം ഒഴിയുകയില്ല. വേലിയേറ്റം തുടരുന്ന സാഹചര്യത്തിൽ അടിയന്തരമായി മടകുത്താനുള്ള സഹായം സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നാണ് പ്രദേശത്തെ താമസക്കാരുടെയും ആവശ്യം.