വയോധികയെ ആക്രമിച്ച് സ്വർണം കവർന്ന കേസിൽ യുവതി അറസ്റ്റിൽ
1480305
Tuesday, November 19, 2024 7:16 AM IST
അടൂർ: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ വീട് കയറി അക്രമിച്ച ശരീരത്തിൽ കിടന്ന സ്വർണാഭരണങ്ങൾ കവർന്ന സംഭവത്തിൽ യുവതി അറസ്റ്റിൽ.
നലൂർ തെൻമല ഉറുകുന്ന് മനീഷാ ഭവനിൽ രഞ്ജിനിയെയാണ് (32) ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തത്. രഞ്ജിനിക്കൊപ്പം താമസിച്ചിരുന്ന രണ്ടാം ഭർത്താവിനെ പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു. ഇക്കഴിഞ്ഞ 13ന് പുതുശേരി ഭാഗം ലതാ മന്ദിരത്തിൽ നളിനി(80)യെയാണ് വീടുകയറി ആക്രമിച്ച ശേഷം സ്വർണാഭരണങ്ങൾ കവർന്നത്. രണ്ടു പേരാണ് വീട്ടിൽ അതിക്രമിച്ചു കയറിയതെന്നാണ് നളനി പോലീസിനോടു പറഞ്ഞത്.
ഇവരെ മർദിച്ച് അവശയാക്കിയ ശേഷമാണ് ആഭരണങ്ങൾ കവർന്നത്. പോലീസ് നടത്തിയ അന്വേഷണത്തിൽ വയോധികയുടെ വീടിനു സമീപത്തുള്ള വീട്ടിൽനിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു മൊബൈൽ ഫോൺ കിട്ടി. ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ രഞ്ജിനിയുടെ മൊബൈലിലേക്ക് ഒരു കോൾ പോയതായി പോലീസ് കണ്ടെത്തി.തുടർന്നു രഞ്ജിനിയെ കണ്ടെത്തി ചോദ്യം ചെയ്തപ്പോഴാണ് മോഷണവിവരം അറിയുന്നത്. സ്വർണം പുനലൂരിലുള്ള കടയിൽ വിറ്റതായും കണ്ടെത്തി.