പെണ്ണില്ലം സ്വപ്നം യാഥാർഥ്യമായി
1480307
Tuesday, November 19, 2024 7:16 AM IST
തുറവൂർ: സാധാരണക്കാരായ ഒരു കൂട്ടം വനിതകളുടെ കൂട്ടായ്മ പെണ്ണില്ലം എഴുത്തിടം 62 വനിതകളുടെ സ്വപ്നം യാഥാർഥ്യമായി. കഥ, കവിത, നോവൽ, ബാലസാഹിത്യം, പുരാണങ്ങൾ, യാത്രാവിവരണം, ജ്യോതിഷം, ആത്മകഥ, പാചകം തുടങ്ങി വ്യത്യസ്തങ്ങളായ രചനകൾ വായനക്കാർക്കിടയിലേക്ക് എത്തിക്കാനായതിൽ ഏറെ ചാരിതാർഥ്യത്തിലാണു 62 കൂട്ടായ്മയായ പെണ്ണില്ലം എഴുത്തിടം.
ഇക്കഴിഞ്ഞ 11ന് ഷാർജയിൽ നടന്ന 43 -ാമത് ഇന്റർനാഷണൽ ബുക്ക് ഫെസ്റ്റിവലിൽ പെണ്ണില്ലം എന്ന വാട്സ്ആപ് കൂട്ടായ്മയിലെ കണ്ണൂർ മുതൽ തിരുവനന്തപുരം വരെയുള്ള വിവിധ പ്രദേശങ്ങളിലെ 62 വനിതകളുടെ സ്വപ്നം ആണ് യാഥാർഥ്യമായത്. 62 പേരിൽ 27 പേരുടെയും സാന്നിധ്യം വേദിയെ നിറചാർത്താക്കുകയായിരുന്നു. കണ്ണൂർ ഇരിട്ടിയിൽനിന്നു 11 പേരുടെ ഗ്രൂപ്പിലൂടെ ആദ്യ പുസ്തകം കവിത സമാഹാരം ഒരു വർഷത്തിനുമുമ്പ് വിജയം കണ്ടതോടെ രജിസ്ട്രേഡ് സംഘടനയാക്കുകയിരുന്നു.
20 വയസുമുതൽ 70 വയസുവരെയുള്ള സാധാരണ വിദ്യാഭ്യാസമുള്ളവർ മുതൽ വിദ്യാസമ്പന്നരായവർ വരെയുള്ള 62 പേരിൽ എത്തിനിൽക്കുമ്പോൾ എഴുത്തിന്റെ ലോകത്തേക്ക് കടന്നുവരുന്ന ആരെയും പെണ്ണില്ലം സ്വാഗതം ചെയ്യുന്നതായി കൂട്ടായ്മ അംഗങ്ങൾ പറയുന്നു.
പ്രവാസി മലയാളിയായ തിരുവനന്തപുരം സ്വദേശി കുമാരൻ, അരവിന്ദ് എന്നിവരുടെ ഇടപെടലുകളാണ് പെണ്ണില്ലം എഴുത്തിടം പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പ്രകാശനം സ്വപ്നം പൂവണിഞ്ഞത്. പെണ്ണില്ലം എഴുത്തിടം വാട്സ്ആപ് റേഡിയോ പരിപാടികളും അവതരിപ്പിച്ചു വരുന്നു.
വൈസ് പ്രസിഡന്റ് സുധാ കൈതാരം ആണ് വാർത്ത അവതാരിക. കേന്ദ്ര -സർക്കാരിന്റെ അനുമതിയോടെ ഒരു എഫ്എം നിലയമായി ഉയർത്താനുള്ള ശ്രമത്തിലാണ് പെണ്ണില്ലം എഴുത്തിടം കൂട്ടായ്മ. ഡിസംബർ 29ന് തിരുവനന്തപുരത്ത് വിജെടി ഹാളിൽ നടക്കുന്ന പെണ്ണില്ലം എഴുത്തിടം പ്രഥമ വാർഷികം മന്ത്രി അനിൽകുമാർ ഉദ്ഘാടനം ചെയ്യും. ഈ ചടങ്ങിൽ പുസ്തകം മേളയിൽ പങ്കെടുക്കാൻ സാധിക്കാതെ പോയ സഹപ്രവർത്തകരായ എഴുത്തുകാരികൾക്കുള്ള മെമന്റോയും സർട്ടിഫിക്കറ്റുകളും മന്ത്രി നൽകും.