വിവിധ സ്കൂളുകൾക്കായി 25 കോടിയുടെ നിർമാണപ്രവർത്തനങ്ങൾ: രമേശ് ചെന്നിത്തല
1480296
Tuesday, November 19, 2024 7:16 AM IST
ഹരിപ്പാട്: മണ്ഡലത്തിൽ പൊതുവിദ്യാലയങ്ങളുടെ നവീകരണത്തിനും കെട്ടിട നിർമാണത്തിനുമായി 25 കോടി രൂപയുടെ നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി രമേശ് ചെന്നിത്തല എംഎൽഎ അറിയിച്ചു. ഏവൂർ പനച്ചമുട് ഗവ. എൽപിഎസിൽ 50 ലക്ഷം രൂപയുടെ കെട്ടിടം പൂർത്തിയായി. ആയാപറമ്പ് ഹയർസെക്കൻഡറി സ്കൂളിന് 3.9 കോടിയുടെ കെട്ടിടംപണി തുടങ്ങി.
എരിക്കാവ് യുപിഎസിൽ കെട്ടിടം പണിയുന്നു. ഇവിടെ രണ്ടാംഘട്ട നിർമാണത്തിന് 85 ലക്ഷം രൂപയുടെ കരാർ നടപടികൾ പുരോഗമിക്കുന്നു.
തൃക്കുന്നപ്പുഴ എൽപിഎസിൽ രണ്ടുകോടിയുടെ കെട്ടിടം പുരോഗമിക്കുന്നു. ഹരിപ്പാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഒരു കോടി രൂപയുടെ കെട്ടിടവും പൊത്തപ്പള്ളി യുപിഎസിൽ കെട്ടിടത്തിന് കരാർ നടപടിയും പുരോഗമിക്കുന്നു. നങ്ങ്യാർകുളങ്ങര യുപിഎസിൽ മൂന്നുകോടിയുടെ കെട്ടിടം അവസാനഘട്ടത്തിലാണ്.
കാർത്തികപ്പള്ളി ജിയുപിഎസിൽ 2.72 കോടിയുടെ സിവിൽ വർക്കുകൾ പൂർത്തിയായി. ഹരിപ്പാട് ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ കെട്ടിടത്തിനു കരാറാകുന്നു. കണിച്ചനല്ലൂർ ഗവ. എൽപിഎസ് കെട്ടിടം കരാർ നടപടി. ആയാപറമ്പ് ഗവ.എച്ച്എസ്എസിൽ കോടിരൂപയുടെ കെട്ടിടനിർമാണം അവസാനഘട്ടത്തിലും മംഗലം ജിഎച്ച്എസ് എസിൽ മൂന്നുകോടിയുടെ കെട്ടിടത്തിനായി കിഫ്ബിയുടെ അനുമതിക്കും സമർപ്പിച്ചു.
കരുവാറ്റ യുഐടിയിൽ 35 ലക്ഷത്തിന്റെ കെട്ടിടത്തിനുള്ള ഭരണാനുമതിക്കുള്ള നടപടി പുരോഗമിക്കുന്നു. ഹരിപ്പാട് ഗവ. യുപിഎസിന് (മലയാളം സ്കൂൾ)കെട്ടിടത്തിന് 52 ലക്ഷവും ആയാപറമ്പ് ന്യു യുപിഎസിൽ ഓഫീസ് മുറിയും ഓപ്പൺഎയർ സ്റ്റേജും നിർമിക്കാൻ 25 ലക്ഷംരൂപയും അനുവദിച്ചു. മുതുകുളത്ത് പ്രവർത്തിക്കുന്ന യുഐടിക്ക് ഖാദി ബോർഡിൽനിന്ന് 25 സെന്റ് സ്ഥലം ലഭ്യമാക്കിയിട്ടുണ്ട്. ഇവിടെ കെട്ടിടം നിർമിക്കുന്നതിന് എംഎൽഎ ആസ്തിവികസന ഫണ്ടിൽ നിന്നു കോടിരൂപ അനുവദിച്ചു.
കെട്ടിടനിർമാണത്തിനായി ഊരാളുങ്കൽ സൊസൈറ്റിയെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. പ്രീഫാബ് ടെക്നോളജി അടിസ്ഥാനപ്പെടുത്തിയാണ് നിർമാണം. ഏവൂർ പനച്ചമൂട് ഗവ.എൽപിഎസിന് പുതിയ കെട്ടിടം നിർമിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. ആയാപറമ്പ് ഗവ. ന്യൂയുപിഎസിന് പുതിയ കെട്ടിടം നിർമിക്കുന്നതിന് ഫണ്ടനുവദിക്കാമെന്നും അറിയിച്ചിട്ടുണ്ട്. ഈ രണ്ടു ജോലികളുടെയും കണക്കെടുപ്പ് പൊതുമരാമത്ത് കെട്ടിട വിഭാഗം നടത്തുന്നു.