വേലിയേറ്റം തടയാൻ അടിയന്തര നടപടി വേണം: ജനാധിപത്യ കർഷക യൂണിയൻ
1480299
Tuesday, November 19, 2024 7:16 AM IST
മങ്കൊമ്പ്: ക്രമാതീതമായി ഉണ്ടാകുന്ന വേലിയേറ്റം പാടശേഖരങ്ങളുടെ ബണ്ട് തകർത്തും വിത്ത് ചീഞ്ഞും കൃഷിനാശം ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കാൻ തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടർ താഴ്ത്തിയും ഉയർത്തിയും ക്രമീകരിക്കാൻ ഇറിഗേഷൻ വകുപ്പിന് അടിയന്തര നിർദേശം നൽകണമെന്ന് ജനാധിപത്യ കർഷക യൂണിയൻ നിയോജക മണ്ഡലം യോഗം ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.
മുൻകാലങ്ങളിൽ ഇത്തരം സാഹചര്യങ്ങളിൽ തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടർ ക്രമീകരിക്കുന്ന സംവിധാനം ഇപ്പോൾ നടപ്പാക്കാത്തത് ദൗർഭാഗ്യകരമാണ്. പല പാടശേഖരങ്ങളും ബണ്ട് പൊട്ടൽ ഭീഷണിയിൽ നിൽക്കുന്ന സാഹചര്യത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കർഷക യൂണിയൻ നിവേദനം നൽകി.
ജനാധിപത്യ കർഷക യൂണിയൻ നിയോജക മണ്ഡലം പ്രസിഡന്റ് ജയിംസ് കല്ലുപാത്ര അധ്യക്ഷത വഹിച്ച യോഗം ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ ഡോ.കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ കെ.സി. ജോസഫ്, തോമസ് ജോസഫ് ഇല്ലിക്കൽ, തോമസ് കോര, സാജൻ സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.