ആലപ്പുഴ മെഡിക്കൽ കോളജിലെ ഡോക്ടര്‍മാരുടെ ക്ഷാമം പരിഹരിക്കണം: കെ.സി. വേണുഗോപാല്‍ എംപി
1480301
Tuesday, November 19, 2024 7:16 AM IST
ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂപ്പര്‍ സ്പെഷാലിറ്റി വിഭാഗത്തില്‍ പല ഡിപ്പാര്‍ട്ട്മെന്റുകളിലും ആവശ്യത്തിന് ഡോക്ടര്‍മാരില്ലെന്നും ഒഴിവുകള്‍ അടിയന്തരമായി നികത്തണമെന്നും ആവശ്യപ്പെട്ട് കെ.സി. വേണുഗോപാല്‍ എംപി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്തയച്ചു.
ഗ്യാസ്ട്രോ, ന്യൂറോ വിഭാഗങ്ങളില്‍ ഡോക്ടര്‍മാരില്ലാത്ത അവസ്ഥയാണുള്ളത്. ഗ്യാസ്ട്രോ എന്‍ട്രോളജി വിഭാഗത്തില്‍, ഡെപ്യൂട്ടേഷനില്‍ ജോലി നോക്കിയിരുന്ന ഒരു ഡോക്ടറുടെ കാലാവധി അവസാനിച്ചു.
മറ്റൊരു ഡോക്ടര്‍ അവധിയിലാണ്. ഈ വിഭാഗത്തില്‍ ആകെ അനുവദിച്ചിട്ടുള്ള മൂന്നു തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്.
ന്യൂറോളജി വിഭാഗത്തില്‍ അനുവദിച്ചിട്ടുള്ള നാലു തസ്തികകളില്‍ മൂന്നെണ്ണവും ഒഴിഞ്ഞുകിടക്കുകയാണെന്നും കത്തില്‍ വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. സൂപ്പര്‍ സ്പെഷാലിറ്റിയില്‍ വിപുലമായ സൗകര്യങ്ങള്‍ ഉണ്ടായിട്ടും ഡോക്ടര്‍മാരില്ലാത്തതിനാല്‍ രോഗികള്‍ പ്രയാസപ്പെടുകയാണ്.
ഡോക്ടര്‍മാരുടെ ഒഴിവുകള്‍ അടിയന്തരമായി നികത്തിയില്ലെങ്കില്‍ പ്രതിദിനം നൂറുകണക്കിന് രോഗികള്‍ ചികിത്സയ്ക്കായി ആശ്രയിക്കുന്ന മെഡിക്കല്‍ കോളജിലെ ഗ്യാസ്ട്രോ എന്‍ട്രോളജി, ന്യൂറോളജി ഒപികള്‍ അടച്ചിടേണ്ട അവസ്ഥയുണ്ടാകും. ഡോക്ടര്‍മാരുടെ ഒഴിവുകള്‍ അടിയന്തരമായി നികത്തുന്നതിന് നടപടി കൈക്കൊള്ളണമെന്ന് കെ.സി. വേണുഗോപാല്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.