തണ്ണീർമുക്കത്തെ ഷട്ടറുകൾ പ്രവർത്തിപ്പിക്കുന്നത് കാര്യക്ഷമമാക്കണം: കർഷക കോൺഗ്രസ്
1480295
Tuesday, November 19, 2024 7:16 AM IST
കുട്ടനാട്: ജില്ലാ ഭരണകൂടത്തിന്റെ നിർദേശങ്ങൾ പലപ്പോഴും തണ്ണീർമുക്കത്തെ ഷട്ടറുകൾ നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥർ കൃത്യതയോടെ പാലിക്കാത്തതാണ് കുട്ടനാടൻ പാടശേഖരങ്ങൾക്ക് ഭീഷണിയാകുന്നതെന്ന് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മാത്യു ചെറുപറമ്പൻ. തുടർച്ചയായി ഉണ്ടാകുന്ന വേലിയേറ്റം കുട്ടനാട്ടിലെ കർഷകരെ ദുരിതത്തിലാക്കിയി രിക്കുകയാണ്.
ആയതിനാൽ ഇത്തരം പ്രതിസന്ധിഘട്ടങ്ങളിൽ ഷട്ടറുകളുടെ പ്രവർത്തനം റെഗുലേറ്റർ ചെയ്യാൻ കൃഷിവകുപ്പിനു കീഴിലെ എൻജിനിയർ വിഭാഗത്തിലെ ഉദ്യോഗസ്ഥരെ കൂടി അടിയന്തരമായി അവിടേക്കു നിയമിക്കണമെന്നും അതുവഴി കൃഷിവകുപ്പിന്റെ നിരീക്ഷണം കർഷകർക്ക് പ്രയോജനപ്പെടുത്താമെന്നും കൃഷിമന്ത്രിക്ക് അയച്ച നിവേദനത്തിൽ മാത്യു ചെറുപറമ്പൻ സൂചിപ്പിച്ചു.
പാടശേഖരങ്ങൾ കൃഷി ഇറക്കാൻ പര്യാപ്തമായ വിധം ഒരുക്കിയിട്ടിരിക്കുന്ന അവസരത്തിൽ മടവീഴ്ച ഉണ്ടായാൽ അത് സംരക്ഷിച്ച് വീണ്ടും കൃഷിയിറക്കാനുള്ള ത്രാണി കർഷകർക്കില്ലെന്നും കൃഷിമന്ത്രിക്ക് അയച്ച നിവേദനത്തിൽ ചൂണ്ടികാട്ടി.