ഭക്ഷണപാനീയ വിതരണ സ്ഥാപനങ്ങളില്‍ പരിശോധന
1436847
Wednesday, July 17, 2024 11:35 PM IST
ആലപ്പുഴ: ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള സ്പെഷല്‍ സ്ക്വാഡ് സുരക്ഷ-2024ന്റെ നേതൃത്വത്തില്‍ ആലപ്പുഴ നഗരസഭാ പരിധിയിലെ ഭക്ഷണപാനീയ വിതരണ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ പഴകിയതും വൃത്തിഹീനവുമായ സാഹചര്യങ്ങളില്‍ ഭക്ഷണം പാകം ചെയ്യുന്നതും നിയമാനുസൃത ലൈസന്‍സ്, ഹെല്‍ത്ത് കാര്‍ഡ് എന്നിവ ഇല്ലാത്തതും പുകയില വിരുദ്ധ ബോര്‍ഡ് സ്ഥാപിക്കാത്തതുമായുള്ളവക്കെതിരേ നോട്ടീസ് നല്‍കുകയും ഫൈന്‍ ഈടാക്കുകയും ചെയ്തു.
മദ്രാസ് വെജിറ്റബിള്‍, സഫ്രോണ്‍ മന്തി, അരമന റസ്റ്ററന്റ്, ഇസ്താംബൂള്‍ ജംഗ്ഷന്, മള്‍ട്ടി ക്യൂസയിന് റസ്റ്ററന്റ്, അല്‍ റാസി റസ്റ്ററന്റ്, ആര്യാസ്, പഗോഡ റിസോര്‍ട്ട് തുടങ്ങിയ സ്ഥാപനങ്ങള്‍ക്കെതിരെയാണ് വിവിധ ഇനങ്ങളിലായി നടപടികള്‍ കൈക്കൊണ്ടത്.
പൊതുജനാരോഗ്യ നിയമപ്രകാരം പഴകിയ ചിക്കന്‍, മട്ടന്‍, ബീഫ് തുടങ്ങിയവ പിടിച്ചെടുത്ത് നശിപ്പിക്കുകയും ഒൻപതു സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു.
ജില്ലാ മെഡിക്കല്‍ ഓഫീസിലെ ടെക്നിക്കല്‍ അസി. ഗ്രേഡ്.1 ജസ്റ്റിന് കെ.എ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആർ. ഹരിലാല്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എസ്. ജയകൃഷ്ണന്, എ. സജിത്ത്, എസ്. ശരണ്യ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
തുടര്‍ന്നും ജില്ലയിലെ മുഴുവന്‍ പ്രദേശങ്ങളിലും നിരന്തരമായി സ്ക്വാഡിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജമുന വര്‍ഗീസ് അറിയിച്ചു.