വാഹനങ്ങള്‍ക്ക് ഇന്ധനത്തിനു പണമില്ല; എന്‍ഫോഴ്സ്മെന്റ് ഡ്രൈവ് വഴിയിലാകും
1575328
Sunday, July 13, 2025 6:56 AM IST
ആലപ്പുഴ: കഴിഞ്ഞ മാസങ്ങളില്‍ നടത്തിയ സ്പെഷല്‍ ഡ്രൈവുകളായ എക്സൈസിന്റെ ഓപ്പറേഷന് ക്ലീന്‍ സ്ലേറ്റ്, പോലീസ് നര്‍കോട്ടിക്സ് സെല്ലിന്റെ ഓപ്പറേഷന് ഡി ഹണ്ട് എന്നിവ വന്‍ വിജയമായിരുന്നു.
എന്നാൽ, ഓണക്കാലത്തോടനുബന്ധിച്ച് എന്‍ഫോഴ്സ്മെന്റ് ഡ്രൈവ് നടത്താന്‍ എക്സൈസ് വകുപ്പ് തയാറെടുക്കുമ്പോള്‍ വാഹനങ്ങള്‍ക്ക് ആവശ്യത്തിന് ഇന്ധനമില്ല. ഒട്ടേറെ ലഹരിക്കേസുകള്‍ പിടിക്കുകയും പരിശോധനയും നിരീക്ഷണവും ശക്തമാക്കുകയും ചെയ്തതോടെ സംസ്ഥാനത്തേക്കുള്ള ലഹരിക്കടത്തും കുറഞ്ഞിരുന്നു.
ഓണക്കാലത്തു പൊതുവേ വ്യാജമദ്യത്തിന്റെയും ലഹരിവസ്തുക്കളുടെയും ഉപയോഗം കൂടാറുണ്ട്. ജില്ലയില്‍ മൂന്നു മാസത്തിലധികമായി എക്സൈസ് വാഹനങ്ങള്‍ ഇന്ധനം നിറച്ചതിന്റെ ബില്‍ മാറി നല്‍കിയിട്ടില്ല. 26 ലക്ഷം രൂപ വരെയാണു കുടിശികയുള്ളത്.
എക്സൈസുമായി കരാറുള്ള നിശ്ചിത തുക കടന്നതോടെ പലയിടത്തും ഇന്ധന പമ്പുകള്‍ കടം കൊടുക്കുന്നതു നിര്‍ത്തി. പരിശോധനയും വിവരശേഖരണവും നടത്തേണ്ട ഉദ്യോഗസ്ഥര്‍ ഇതോടെ ജോലിസമയം മുഴുവന്‍ ഓഫീസില്‍ ഇരിക്കേണ്ട സ്ഥിതിയാണ്. അത്യാവശ്യ യാത്രകള്‍ക്കും പരിശോധനകള്‍ക്കുമായി ഉദ്യോഗസ്ഥര്‍ സ്വന്തം കീശയില്‍നിന്നു പണം നല്‍കിയാണു വാഹനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കുന്നത്. ഇതിനു ബില്‍ നല്കി പിന്നീടു പണം വാങ്ങുകയാണു ചെയ്യുന്നത്.
മറ്റു സംസ്ഥാനങ്ങളില്‍നിന്നു വരുന്നവരുടെ എണ്ണവും കൂടുന്നതിനാല്‍ പരിശോധന കൂട്ടണം എന്നിരിക്കെയാണു പരിശോധനയ്ക്കു പോകാന്‍ വാഹനങ്ങള്‍ക്ക് ഇന്ധനമില്ലാത്തത്. ഇപ്പോള്‍ പരിശോധന കുറഞ്ഞാല്‍ വീണ്ടും ലഹരിസംഘങ്ങള്‍ സംസ്ഥാനത്തു ശക്തമാകുമെന്ന് ഉദ്യോഗസ്ഥര്‍തന്നെ പറയുന്നു.
വാഹനങ്ങളുടെ ഇന്ധന ബില്‍ സംബന്ധിച്ചു പരിശോധിച്ചുവരികയാണെന്നാണു വകുപ്പ് ആസ്ഥാനത്തുനിന്നു ലഭിച്ച മറുപടി. ഈ മാസം ഇന്ധന ബില്‍ മാറി ലഭിച്ചില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകും. വാഹനങ്ങള്‍ അറ്റകുറ്റപ്പണി നടത്തിയതിന്റെ തുകയും ചിലയിടത്തു കുടിശികയാണ്.