ആശുപത്രി വാടകക്കെട്ടിടത്തിൽ; നഗരസഭയ്ക്ക് ലക്ഷങ്ങളുടെ നഷ്ടം
1575324
Sunday, July 13, 2025 6:56 AM IST
കായംകുളം: നഗരസഭാ പരിധിയിലെ രണ്ട് ആശുപത്രികള്‍ പ്രവർത്തിക്കുന്നത് വാടകക്കെട്ടിടത്തിൽ. സ്വന്തം കെട്ടിടത്തിന്റെ പോരായ്മയെത്തുടര്ന്നാണ് വാടകക്കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറിയത്. ഇതോടെ വാടകയിനത്തില്‍ നഗരസഭ നേരിടുന്നത് ലക്ഷങ്ങളുടെ നഷ്ടമാണ്.
30 സെന്റ് സ്ഥലം സ്വന്തമായുള്ള ഹോമിയോ ആശുപത്രിയില്‍ യഥാസമയം പുനരുദ്ധാരണം നടത്താത്തതിനാല്‍ പരിസരത്ത് വെള്ളക്കെട്ടായതോടെയാണ് വാടകക്കെട്ടിടത്തിലേക്കു മാറ്റേണ്ടിവന്നത്. കൊറ്റുകുളങ്ങരയില്‍ നൂറുകണക്കിന് രോഗികള്‍ക്ക് ആശ്രയമായിരുന്ന ആയുര്‍വേദാശുപത്രി പ്രവര്‍ത്തനം മാറ്റിയിട്ട് രണ്ടു വര്‍ഷത്തിലേറെയായി.
ദേശീയപാത നിര്‍മാണത്തിന് സ്ഥലം ഏറ്റെടുത്തതോടെ ആശുപത്രി കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിക്കേണ്ടിവന്നിരുന്നു. അവശേഷിക്കുന്ന ഭാഗത്ത് നിര്‍മിച്ച കെട്ടിടം നിയമപ്രകാരമല്ലെന്ന് പരാതി ഉയര്‍ന്നതോടെ ഇതിന്റെ ഭാവിയും തുലാസിലായി.
ദുരൂഹത ഉയര്‍ത്തുന്നു
സര്‍വീസ് റോഡില്‍നിന്ന് നിശ്ചിത അകലം പാലിക്കാതെയാണ് അടിത്തറകെട്ടി ഉയര്‍ത്തിയിരിക്കുന്നത്. രണ്ട് ആശുപത്രികള്‍ക്കുമായി വര്‍ഷംതോറും പത്തു ലക്ഷത്തിലേറെ രൂപ നഗരസഭ ചെലവഴിക്കുന്നത് ദുരൂഹത ഉയര്‍ത്തുന്നുണ്ടെന്ന് നഗരസഭാ കൗണ്‍സിലര്‍ എ.പി. ഷാജഹാന് പറഞ്ഞു.
ഹോമിയോ ആശുപത്രിയിലെ ഒപി യൂണിറ്റ് ഒരു വര്‍ഷം മുമ്പ് വാടകക്കെട്ടിടത്തിലേക്കു മാറ്റിയിരുന്നു. ഇപ്പോള്‍ ഐപി വിഭാഗവും ഇവിടെനിന്ന് മാറ്റി. നഗരസഭ 43 ാം വാര്‍ഡിലാണ് ഒപി, ഐപി വിഭാഗങ്ങള്‍ വാടകക്കെട്ടിടത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത്. നാട്ടുകാര്‍ പണം സമാഹരിച്ചാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആശുപത്രിക്ക് സ്ഥലം വാങ്ങിയതെന്ന് തച്ചടി പ്രഭാകരന് സ്മാരക ഹോമിയോ ആശുപത്രി സമിതി കണ്‍വീനര്‍ ആര്.ഭദ്രന് പറഞ്ഞു.
വരുത്തിയ വീഴ്ച
ഒപി വിഭാഗം കെട്ടിട നിര്‍മാണത്തിന്, എംഎല്‍എ യായിരുന്ന എം.എം. ഹസന് പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപയും ഐപി കെട്ടിട നിര്‍മാണത്തിന്, എംപിയായിരുന്ന വയലാര്‍ രവി 20 ലക്ഷം രൂപയും അനുവദിച്ചിരുന്നു. നഗരസഭയില്‍ മെയിന്റനന്‍സ് ഗ്രാന്റ് പ്രകാരമുള്ള തുക ചെലവഴിക്കുന്നില് വരുത്തിയ വീഴ്ചയാണ് ആശുപത്രി പരിസരം വെള്ളക്കെട്ടിലാകാന്‍ കാരണമെന്ന് ആക്ഷേപമുണ്ട്.
ആയുര്‍വേദാശുപത്രി കൊറ്റുകുളങ്ങരയിലെ ഇപ്പോഴത്തെ കെട്ടിടത്തില്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കാനാകുമോയെന്ന് ആശങ്ക ഉയരുന്നുണ്ട്. പുനരുദ്ധരിക്കാന്‍ ശ്രമിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍കൂടി 11 കെവി വദ്യുതി ലൈന്‍ കടന്നു പോകുന്നുണ്ട്. അതിനാല്‍ മകളിലത്തെ നിലയുടെ മേല്‍ക്കൂര കോണ്‍ക്രീറ്റ് ചെയ്യാന്‍ കഴിയാത്ത സാഹചര്യമുണ്ട്. ഈ ആശങ്കകള്‍ക്കിടയിലും നഗരസഭ 30 ലക്ഷത്തിലേറെ രൂപയാണ് ആശുപത്രി കെട്ടിടം പുനരുദ്ധരിക്കാനായി ചെലവഴിക്കുന്നത്.