കെപി റോഡ് ദേശീയപാതയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി സർക്കാർ
1575461
Sunday, July 13, 2025 11:42 PM IST
ചാരുംമുട്: തിരക്കേറിയ കായംകുളം-പുനലൂര്‍ കെ.പി റോഡിനെ ദേശീയപാതയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനു കത്തു നല്കി. വിശദമായ റിപ്പോര്‍ട്ട് സഹിതം മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിന് ഗഡ്കരിക്കാണ് കത്ത് നല്‍കിയത്. ഭാരത്മാല പദ്ധതിയില്‍ കെ.പി റോഡ് 30 മീറ്റര്‍ വീതിയില്‍ നിര്‍മിക്കുമെന്ന് കേന്ദ്രം രണ്ടുവര്‍ഷം മുമ്പ് പ്രഖ്യാപിച്ചിരുന്നു. ഭാരത് മാല പദ്ധതി നിര്‍ത്തലാക്കിയെങ്കിലും സാധ്യതാ സര്‍വേ ദേശീയപാത അധികൃതര്‍ പൂര്‍ത്തിയാക്കിയിരുന്നു.
ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിലൂടെ കടന്നുപോകുന്ന കെപി റോഡ് സംസ്ഥാനപാത അഞ്ച്, എട്ട്, ദേശീയപാതകളായ 66, 183, 183 എ 744, എംസി റോഡ് എന്നിവയെ ബന്ധിപ്പിച്ചാണ് കടന്നുപോകുന്നത്. കെപി റോഡിന്റെ വികസനം തടസപ്പെടാതെ ദേശീയപാത 66ലേക്ക് നേരിട്ടു കടക്കുന്ന തരത്തില്‍ ദേശീയപാത 66ന്റെ രൂപകല്പനയില് മാറ്റം വരുത്തണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിക്ക് കൊടിക്കുന്നില്‍ സുരേഷ് എംപി നേരത്തേ കത്തു നല്‍കിയിരുന്നു.
മധ്യതിരുവിതാംകൂറിലെ ഏറ്റവും പ്രധാനപ്പെട്ടതും തിരക്കേറിയതുമായ കായംകുളത്തുനിന്ന് ആരംഭിച്ച്, ചാരുംമൂട്, അടൂര്‍, പത്തനാപുരം, പുനലൂര്‍ വഴി തൂത്തുക്കുടിയിലേക്ക് പുതിയ ദേശീയപാത എന്ന ആവശ്യമാണ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് മുന്നില്‍ കൊടിക്കുന്നില്‍ നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടത്. ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരും കത്ത് നല്‍കിയതോടെ കെ.പി റോഡ് ദേശീയപാത ആക്കാനുള്ള നടപടികള്‍ വേഗത്തിലാകുമെന്ന പ്രതീക്ഷയാണുള്ളത്.
കായംകുളം മുതല്‍ പുനലൂര്‍ വരെയുള്ള 57 കിലോമീറ്റര്‍ ദൂരത്തിന്റെ പ്രാഥമിക സര്‍വ്വേ നടപടികള്‍ ദേശീയപാത വിഭാഗം നടത്തിയിരുന്നു. ദേശീയപാത 66 ല്‍ നിന്നും കായംകുളം കെഎസ്ആര്‍ടിസി ജംഗ്ഷനില്‍നിന്ന് ആരംഭിച്ച് ചാരുംമൂട്, നൂറനാട്, ആദിക്കാട്ടുകുളങ്ങര, പഴകുളം, അടൂര്‍, ഏഴംകുളം, പത്തനാപുരം വഴി പുനലൂരില്‍ എത്തിച്ചേരുന്ന തരത്തിലാണ് അലൈന്മെന്റ് സര്‍വേ നടന്നത്. തമിഴ്നാടിന്റെ ഭാഗമായ തൂത്തുക്കുടി, തിരുനെല്‍വേലി, മധുരൈ രാജപാളയം, തെങ്കാശി എന്നിവിടങ്ങളെ മധ്യകേരളത്തിലെ പ്രധാന പാതയായ ദേശീയപാത 66 ലേക്ക് നേരിട്ട് ബന്ധിപ്പിക്കുന്ന റോഡ് കൊല്ലം-തേനി ദേശീയപാത 183, ഭരണിക്കാവ്- മുണ്ടക്കയം ദേശീയപാത 183 എ, തിരുവനന്തപുരം- അങ്കമാലി മെയിന്‍ സെന്‍ട്രല്‍ റോഡ്, പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാനപാത, കൊല്ലം - തിരുമംഗലം ദേശീയപാ 744 എന്നീ പാതകളില്‍ വേഗത്തിലുള്ള കണക്ടിവിറ്റി ലഭ്യമാക്കും. തൂത്തുക്കുടിയില്‍ ദേശീയപാത 138 വഴിയാണ് പാത കടന്നു പോകുന്നത്. കേരളത്തിന്റെ ഭാഗത്ത് കായംകുളം മുതല്‍ പുനലൂര്‍ വരെയുള്ള ഭാഗത്തെ റോഡാണ് ദേശീയപാതയായി ഉയര്‍ത്തേണ്ടത്. ദേശീയപാത വിഭാഗം നടത്തിയ സര്‍വേയില്‍ നിലവിലുള്ള റോഡില്‍ വാഹനഗതാഗതം വളരെക്കൂടുതലായതിനാല്‍ പുതുതായി നാലുവരിപ്പാതയ്ക്കാണു പദ്ധതി തയാറാക്കുന്നത്.
പാതയില്‍ രണ്ടു പ്രധാന പാലങ്ങള്‍ പുതുതായി വേണ്ടിവരും. ചാരുംമൂട് ജംഗ്ഷനില്‍ ഫ്ളൈ ഓവറോടുകൂടിയ റോഡും അടൂര്‍ ഹൈസ്കൂള്‍ ജംഗ്ഷന് വികസനവും പാതയുടെ ഭാഗമായി വേണ്ടി വരുമെന്ന് സര്‍വേയില്‍ പറഞ്ഞിരുന്നു.