പാഴ്സൽ വാനിൽനിന്നു കോടികളുടെ കവർച്ച: രണ്ടുപേർ കൂടി പിടിയിൽ
1574933
Saturday, July 12, 2025 12:10 AM IST
കായംകുളം: ദേശീയപാതയിൽ രാമപുരത്ത് സിനിമാ സ്റ്റൈലിൽ പാഴ്സൽ കമ്പനിയുടെ വാഹനം തടഞ്ഞു നിർത്തി മൂന്നു കോടി 24 ലക്ഷം രൂപ കവർന്ന കേസിൽ രണ്ടു പേർ കൂടി പിടിയിലായി .തമിഴ്നാട് തിരുനല്ലൂർ മാരിയംനഗർ ഹരികൃഷ്ണൻ (26), തിരുനല്ലൂർ, മടപ്പുറം കീരളത്തൂർ മാരിയപ്പൻ (47) എന്നിവരാണ് പിടിയിലായത്. കേസിൽ ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി.
കേസിൽ നാലുപേർ കൂടി പിടിയിലാകാനുണ്ട്. തമിഴ്നാട് തിരുപ്പൂർ സ്വദേശികളായ തിരുകുമാർ (37), ചന്ദ്രബോസ് (32) എന്നിവരെ ആദ്യം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ബാക്കിയുള്ളവരെക്കൂടി അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്താൽ മാത്രമേ കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടുട്ടുണ്ടോ എന്ന് അറിയാൻ കഴിയുകയുള്ളൂ എന്ന് പോലീസ് വ്യക്തമാക്കി. സതീഷ്, ദുരൈ അരസ് എന്നിവരാണ് പണം കവർച്ച ആസൂത്രണം ചെയ്തത്. ഇവരെ പിടികൂടാൻ പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.
കൊല്ലത്ത് താമസിക്കുന്ന അപ്പാസ് പാട്ടീൽ എന്നയാൾക്ക് കോയമ്പത്തൂരിലുള്ള ബന്ധു നമ്പർവൺ പാഴ്സൽ സർവീസിന്റെ ലോറിയിൽ കൊടുത്തവിട്ട പണമാണ് കഴിഞ്ഞ മാസം 13ന് പുലർച്ചെ നാലരയ്ക്ക് കവർന്നത്. ഒരു സ്കോർപ്പിയോയിലും ഇന്നോവയിലുമായി എത്തിയ എട്ടംഗസംഘം സിനിമാ സ്റ്റൈലിൽ പാഴ്സൽ വാൻ തടഞ്ഞ് പണം തട്ടിയെടുക്കുകയായിരുന്നു. അതിനുശേഷം ഇവർ തിരുപ്പൂരിലേക്കു കടന്നു. സിസി ടിവി ദ്യശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കൾ വന്ന വാഹനത്തിന്റെ നമ്പർ കിട്ടിയത്. ഇവർ തമിഴ്നാട്ടിലേക്കു കടന്നയുടൻ വാഹനത്തിന്റെ നമ്പർ മാറ്റി.
മോഷ്ടാക്കളെല്ലാം തിരുപ്പൂർ, കുംഭകോണം, തിരുവള്ളുർ പ്രദേശങ്ങളിലുള്ളവരാണ്. ഇവർ കോയമ്പത്തൂരിൽ എത്തിയാണ് മോഷണം ആസൂത്രണം ചെയ്തത്. കരീലക്കുളങ്ങര പോലീസാണ് കേസ് അന്വേഷിക്കുന്നത്