നാരകത്തറ ജംഗ്ഷനിലെ അടിപ്പാത: റിപ്പോർട്ട് സമർപ്പിക്കാൻ ധാരണയായി
1574938
Saturday, July 12, 2025 12:10 AM IST
ഹരിപ്പാട്: നാഷണൽ ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് എംഎൽഎ ക്വാർട്ടേഴ്സിൽ രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിൽ എൻഎച്ച് പ്രൊജക്ട് ഡയറക്ടർ, സമരസമിതി പ്രതിനിധികൾ, പഞ്ചായത്ത് പ്രതിനിധികൾ വ്യാപാരി വ്യവസായി പ്രതിനിധികൾ എന്നിവരുടെ യോഗം ചേർന്നു.
കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല എംഎൽഎ കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരിയെ കണ്ടതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ഉപരിതല മന്ത്രിയുടെ ഓഫീസിൽനിന്ന് ഇതു സംബന്ധിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം ലഭിച്ചതായി പ്രോജക്റ്റ് ഡയറക്ടർ യോഗത്തെ അറിയിച്ചു. തുടർന്ന് സമരസമിതി നേതാക്കൽ യോഗത്തിൽ ആവശ്യങ്ങൾ വിശദീകരിച്ചു.അടുത്ത മൂന്നാഴ്ചയ്ക്കുള്ളിൽ അടിപ്പാത എന്ന ആവശ്യം നടപ്പിലാക്കാനുള്ള നടപടികൾപൂർത്തിയാക്കാൻ കഴിയുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
കരുവാറ്റ ഹൈസ്കൂൾ ജഗ്ഷനിൽ ഫൂട് ഓവർബ്രിഡ്ജ് വേണമെന്ന പൊതുജന ആവശ്യം യോഗത്തിൽ ചർച്ചയായി അതിനായി സ്ഥലപരിശോധന നടത്താൻ നിർദേശം നല്കി. രമേശ് ചെന്നിത്തല അധ്യക്ഷനായ യോഗത്തിൽ പ്രോജക്ട് ഡയറക്ടർ ബിബിൻ മധു, ജില്ലാ പഞ്ചായത്ത് മെമ്പർ ജോൺ തോമസ്, പഞ്ചായത്ത് പ്രസിഡന്റ് സൂസി, സമരസമിതി നേതാക്കളായ പ്രസാദ്, സുരേഷ് ഭവാനി, ദിലീപ് മൂലയിൽ, എം. നാസർ, റിയാസ് തയ്യിൽ, ഗോപിനാഥൻ, നിർവഹണ കമ്പനി പ്രതിനിധികളായി രാജലിംഗം, സുരേഷ്കുമാർ തുടങ്ങിയവർ യോഗത്തിൽ പ്രസംഗിച്ചു.