ലോറിയിൽ സൂക്ഷിച്ച സിമന്റ് സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു
1574935
Saturday, July 12, 2025 12:10 AM IST
പൂച്ചാക്കൽ: ലോറിയിൽ സൂക്ഷിച്ചിരുന്ന സിമന്റ് സാമൂഹ്യവിരുദ്ധർ ഉപയോഗശൂന്യമാക്കി. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. പള്ളിപ്പുറം ചിറ്റേഴത്ത് ട്രഡേഴ്സ് ഉടമ ഒ.സി. വക്കച്ചന്റെ ഉടമസ്ഥതയിലുള്ള ലോറിയിൽ കയറ്റിയിരുന്ന ഒരു ലോഡ് സിമന്റാണ് സാമൂഹ്യവിരുദ്ധർ നശിപ്പിച്ചതെന്നാരോപിച്ച് പോലീസിൽ പരാതി നൽകിയത്.
പള്ളിപ്പുറം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ അനധികൃതമായി സിലിക്ക മണൽ കടത്തുന്നതുമായി ബന്ധപ്പെട്ട് നിരവധി പ്രക്ഷോഭങ്ങൾ ഒ.സി. വക്കച്ചന്റെ നേതൃത്വത്തിൽ നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഖനനം നിർത്തിവയ്പ്പിക്കാനുള്ള നടപടികൾ അധികാരികൾ ആരംഭിച്ചിരുന്നു. അതിന്റെ വൈരാഗ്യത്തിനായിരിക്കാം അക്രമം നടത്തിയതെന്ന് പരാതിയിൽ പറയുന്നു.
ഒറ്റപ്പുന്നയിലെ ചിറ്റേഴത്തിന്റെ വണ്ടി പാർക്ക് ചെയ്യുന്ന പുരയിടത്തിൽ ടാർപ്പായകൊണ്ടു മറച്ചുകെട്ടി സൂക്ഷിച്ചിരുന്ന സിമിന്റാണ് അക്രമികൾ രാത്രി പുരയിടത്തിൽ അതിക്രമിച്ചു കയറി നശിപ്പിച്ചത്. സിമന്റ് പൊതിഞ്ഞുകെട്ടിയ ടാർപ്പായ കുത്തിക്കീറി നശിപ്പിച്ചുകളഞ്ഞു. രാത്രിയിൽ പെയ്ത ശക്തമായ മഴയിൽ സൂക്ഷിച്ചിരുന്ന 200 പാക്കറ്റ് സിമന്റിൽ 155 എണ്ണവും ഉപയോഗിക്കാൻ പറ്റാത്തവിധം വെള്ളം കയറി കട്ടയായി. രാവിലെ എത്തിയ ജീവനക്കാരാണ് ടാർപ്പായ കീറി നശിപ്പിച്ച നിലയിൽ കണ്ടത്. ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.