അനധികൃത ഹൗസ് ബോട്ടുകള്‍ക്ക് ലൈസന്‍സ് നല്കാന് നീക്കമെന്ന്
1575753
Monday, July 14, 2025 11:53 PM IST
ആലപ്പുഴ: ജില്ലയില്‍ 2014 ജനുവരി മുതല്‍ പുതിയ ഹൗസ് ബോട്ടുകള്‍ക്ക് അനുമതി നല്‍കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. വേമ്പനാട്ടുകായലിന്റെ വാഹകശേഷിയേക്കാള്‍ ഹൗസ്ബോട്ടുകള്‍ ഇവിടെ സര്‍വീസ് നടത്തുന്നുണ്ടെന്നും ഇതു കായല്മലിനീകരണത്തിനു കാരണമാകുന്നു എന്നുമുള്ള സിഡബ്ല്യുആര്‍ഡിഎം പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
എന്നാൽ, വേമ്പനാട്ടുകായലില്‍ അനധികൃതമായി സര്‍വീസ് നടത്തുന്ന ഹൗസ് ബോട്ടുകള്‍ക്ക് ഹൈക്കോടതി ഉത്തരവ് മറികടന്നു ലൈസന്‍സ് നല്കാന് നീക്കം നടക്കുന്നതായി ആരോപണം. വേമ്പനാട്ടുകായലിന്റെ വാഹനശേഷിയേക്കാള് ഇരട്ടിയിലേറെ ഹൗസ്ബോട്ടുകള്‍ സര്‍വീസ് നടത്തുന്നുണ്ടെന്നു ജലവിഭവവിനിയോഗകേന്ദ്രം (സിഡബ്ല്യുആര്‍ഡിഎം) പറഞ്ഞത് കണക്കിലെടുക്കാതെയാണിത്.
മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടും അനധികൃത ജലയാനങ്ങള്ക്കെതിരേ നടപടിയെടുക്കാന്‍ തുറമുഖ വകുപ്പ് തയാറാകുന്നില്ലെന്നും അംഗീകൃത ഹൗസ് ബോട്ടുടമകള്‍ ആരോപിച്ചു. 350 ഹൗസ് ബോട്ടുകള്‍ സര്‍വീസ് നടത്താന്‍ മാത്രം വാഹകശേഷിയുള്ള വേമ്പനാട്ടുകായലില്‍ അതിന്റെ ഇരട്ടി ഹൗസ് ബോട്ടുകള്‍ സര്‍വീസ് നടത്തുന്നുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്.
ബോട്ടുകള്‍ പെരുകി
ആലപ്പുഴയിലെ രജിസ്ട്രേഷന് നിര്‍ത്തിവച്ചതോടെ ഹൗസ് ബോട്ടുകള്‍ മറ്റു ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്ത് ആലപ്പുഴയില്‍ സര്‍വീസ് നടത്താന്‍ തുടങ്ങി. ചിലര്‍ രജിസ്ട്രേഷന് നടത്താതെയും സര്‍വീസ് ആരംഭിച്ചു. വേമ്പനാട്ടുകായലില്‍ നൂറുകണക്കിനു അനധികൃത ബോട്ടുകള്‍ പെരുകി. വേമ്പനാട്ടുകായലില്‍ സര്‍വീസ് നടത്തുന്ന വള്ളങ്ങളുടെ കണക്കെടുപ്പ് മാത്രമാണ് ഇപ്പോള്‍ നടക്കുന്നത് എന്നാണു തുറമുഖ വകുപ്പിന്റെ വിശദീകരണം. അനധികൃതമായി സര്‍വീസ് നടത്തുന്ന വള്ളങ്ങള്‍ ഉണ്ടോ എന്നറിയാനാണ് ഈ പരിശോധന. അനധികൃത വള്ളങ്ങള്‍ക്കു പിഴ ഈടാക്കി രജിസ്ട്രേഷന് നല്‍കുന്നുണ്ട്.
അനധികൃത ബോട്ടുകള്‍ക്കെതിരേ നടപടിയെടുക്കണമെന്നു 2021ല്‍ ഹൈക്കോടതി ഉത്തരവിട്ടെങ്കിലും കാര്യമായ നടപടിയുണ്ടായില്ല. പകരം ഇത്തരം ഹൗസ് ബോട്ടുകളെ ഒറ്റത്തവണ പിഴ ഈടാക്കി നിയമവിധേയമാക്കാന്‍ 2024 ജനുവരി 22നു മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമെടുത്തു.
ഫീസും പിഴയും
എന്നാല്‍, കേരള ഹൗസ് ബോട്ട് ഓണേഴ്സ് അസോസിയേഷന് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി നല്കിയ ഹര്‍ജിയില്‍ ഈ യോഗത്തിന്റെ തീരുമാനങ്ങള്‍ മരവിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.
പക്ഷേ, ഈ യോഗത്തിലെ തീരുമാനങ്ങള്‍ തുറമുഖ വകുപ്പും കേരള മാരിടൈം ബോര്‍ഡും ഇപ്പോഴും നടപ്പാക്കുകയാണെന്നാണ് ആരോപണം. അനധികൃതമായി പ്രവര്‍ത്തിക്കുന്ന വള്ളങ്ങള്‍ക്ക് ഫീസും പിഴയും ഈടാക്കി രജിസ്ട്രേഷന് അനുവദിക്കാമെന്ന് 2024 ജൂലൈയില്‍ തുറമുഖ വകുപ്പ് ഉത്തരവിറക്കി. 2024 ജനുവരിയില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനങ്ങള്‍ മരവിപ്പിച്ച ഉത്തരവ് നിലനില്‍ക്കുമെന്നും കോടതി ആവര്‍ത്തിച്ചിരിക്കുന്നതിനാൽ
അനധികൃത വള്ളങ്ങള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാണ് ആവശ്യം. 2024 ജനുവരിയില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്ന്നയോഗത്തിലെ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതു ഹൈക്കോടതി മരവിപ്പിച്ചതാണെന്നും ആ യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണെന്ന് പറയുന്ന പരിശോധന നിലനിൽക്കുന്നതല്ലെന്നും ഹൗസ് ബോട്ടുടമകള്‍ ചൂണ്ടിക്കാട്ടുന്നു.