നേഹയുടെ മരണം: അന്വേഷണം ശക്തമാക്കി
1574939
Saturday, July 12, 2025 12:10 AM IST
മാന്നാർ: ചെന്നിത്തല നവോദയ സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനി നേഹയുടെ മരണം സംബസിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. പോലീസിനു ലഭിച്ച പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമികവിവരങ്ങൾ പ്രകാരം ആത്മഹത്യയാണ്. എന്നാൽ, ഇതിന്റെ കാരണം എന്താണന്നതാണ് പോലീസിനെ കുഴക്കുന്നത്.
നേഹയുടെ മുറിയിൽനിന്ന് ഒരു ഡയറി പോലീസിനു ലഭിച്ചിരുന്നു. അതിൽ ഒരു പേപ്പറിൽ പ്രത്യേകമായി ഒരു കുറിപ്പുമുണ്ടായിരുന്നു. അതിൽ തന്റെ സുഹൃത്തുക്കൾക്കുള്ള ഉപദേശങ്ങളാണ് ഉണ്ടായിരുന്നത്. എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അത് പരിഹരിക്കപ്പെടുമെന്നും വിഷമിക്കരുതെന്നും ഡിപ്രഷനിലേക്കു പോകരുതെന്നും ഈ കുറിപ്പിൽ നേഹ സുഹൃത്തുക്കളോടു പറയുന്നുണ്ട്.
എന്നാൽ, അതിലേക്ക് നയിച്ച കാരണങ്ങളാണ് പോലീസ് ഇപ്പോൾ അന്വേഷിക്കുന്നത്. എല്ലാ കാര്യങ്ങളിലും സജീവ ഇടപെടൽ നടത്തിയിരുന്ന വിദ്യാർഥിനിയായിരുന്നുവെന്ന് അധ്യാപകർ പറയുന്നു. കഴിഞ്ഞദിവസം നടന്ന ബാസ്കറ്റ് ബോൾ സെലക്ഷൻ ക്യാന്പിലും നേഹ പങ്കെടുത്തിരുന്നു. അന്നത്തെ കലാപരിപാടികളിലും പങ്കെടുത്തു.
പഠനത്തിൽ മിടുക്കിയായിരുന്നു. ഇതൊക്കെയായിട്ടും എന്താണ് സംഭവിച്ചതെന്ന കൂടുതൽ അന്വേഷണത്തിനുള്ള നീക്കത്തിലാണ് പോലീസ്. ആലപ്പുഴ ചെന്നിത്തല നവോദയ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി നേഹയെ കഴിഞ്ഞ ദിവസമാണ് സ്കൂൾ ഹോസ്റ്റലിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആറാം ക്ലാസ് മുതൽ നേഹ നവോദയ വിദ്യാലയത്തിലാണ് പഠിക്കുന്നത്. ഇന്നലെ പുലർച്ചെ ഹോസ്റ്റലിന്റെ ശുചിമുറിയിലേക്കു പോകുന്ന ഇടനാഴിയിൽ നേഹയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.