ട്രെയിനുകൾ കുറവ്; തീരദേശപാതയിൽ യാത്രക്കാർ ദുരിതത്തിൽ
1575745
Monday, July 14, 2025 11:53 PM IST
കായംകുളം: തീരദേശ പാതയില്‍ ആലപ്പുഴ വഴിയുള്ള ട്രെയിനുകളുടെ കുറവ് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. നിരവധി യാത്രക്കാരാണ് ദിവസവും ആലപ്പുഴയില്‍നിന്ന് കായംകുളത്തേക്കും തിരിച്ചും ട്രെയിന്‍ മാര്‍ഗം യാത്ര ചെയ്യുന്നത്. എന്നാല്‍ ട്രെയിനുകളുടെ കുറവ് യാത്രക്കാരുടെ ബുദ്ധിമുട്ട് വര്‍ധിപ്പിക്കുകയാണ്.
ആലപ്പുഴയില്‍നിന്നു രാവിലെ 6.30 ന് ശേഷം കായംകുളം ഭാഗത്തേക്കുള്ള ഇന്റര്‍സിറ്റി പുറപ്പെട്ട് കഴിഞ്ഞാല്‍ പിന്നീട് ഈവഴി മറ്റ് ട്രെയിനുകളില്ല. രാവിലെ 9.30 ന് ആലപ്പുഴയിലെത്തുന്ന എറണാകുളം-ആലപ്പുഴ പാസഞ്ചര്‍ കായംകുളത്തേക്ക് നീട്ടുകയാണെങ്കില്‍ യാത്രക്കാര്‍ക്ക് ഏറെ ഗുണം ചെയ്യും. രാവിലെ 11.30 ന് കായംകുളത്ത് എത്തുന്ന നേത്രാവതി എക്സ്പ്രസ് കഴിഞ്ഞാല്‍ വൈകുന്നേരം 6.30 ന് മാത്രമേ ആലപ്പുഴ ഭാഗത്തേക്ക് ട്രെയിന്‍ സര്‍വീസ് ഉള്ളൂ.
കോവിഡ് കാലത്ത് നിര്‍ത്തിവച്ച എറണാകുളം- കായംകുളം പാസഞ്ചര്‍ ഇതുവരെ പുനരാരംഭിച്ചിട്ടില്ല. മാത്രമല്ല, റെയില്‍വേക്ക് ഏറ്റവും കൂടുതല്‍ വരുമാനം നേടിത്തരുന്ന മധ്യതിരുവിതാംകൂറിലെ പ്രധാന സ്റ്റേഷനുകളില്‍ ഒന്നായ കായംകുളത്ത് വന്ദേഭാരത് ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചിട്ടില്ല. കോവിഡിന് ശേഷം പാസഞ്ചര്‍ ട്രെയിന്‍ നിര്‍ത്തലാക്കിയതും ട്രെയിനുകളുടെ സ്റ്റോപ്പുകള്‍ വെട്ടി ക്കുറച്ചതും ദുരിതത്തിന് കാരണമായി.
ദേശീയപാതയില്‍ നിര്‍മാണം നടക്കുന്നതിനാല്‍ യാത്ര ദുഷ്കരമായതിനാല് യാത്രക്കാര്‍ കൂടുതലായും ട്രെയിനുകളിലാണ് സഞ്ചരിക്കു ന്നത്.
ഹരിപ്പാടുനിന്നു രാവിലെ 11.30നുള്ള നേത്രാവതി എക്സ്പ്രസ് പോയതിനുശേഷം അടുത്ത ട്രെയിന്‍ ഏഴു മണിക്കൂറിനു ശേഷം വൈകിട്ട് 6 30നാണുള്ളത്. ഇതിനിടയില്‍ ഹരിപ്പാട്, അമ്പലപ്പുഴ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് ഇല്ലാത്ത നിരവധി ട്രെയിനുകള്‍ കടന്നുപോകുന്നുണ്ട്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ജാം നഗര്‍ എക്സ്പ്രസ്, വ്യാഴം ഗാന്ധിധാം ഹംസഫര്‍ എക്സ്പ്രസ്, വെള്ളി ഇന്‍ഡോര്‍ എക്സ്പ്രസ്, ഞായറാഴ്ച പോര്‍ബന്ധര്‍ എക്സ്പ്രസ് ഇങ്ങനെ അഞ്ചുദിവസങ്ങളില്‍ ഉച്ചയ്ക്ക് 2.45ന് കായംകുളം-ആലപ്പുഴ വഴി എറണാകുളത്തേക്ക് ട്രെയിനുകള്‍ ഉണ്ട്. എന്നാല്‍, ഇവയ്ക്കൊന്നും ഹരിപ്പാട്, അമ്പലപ്പുഴ തുടങ്ങിയ സ്റ്റേഷനുകളില്‍ സ്റ്റോപ്പുകള്‍ ഇല്ല.
ചൊവ്വാഴ്ചകളില്‍ വൈകിട്ട് 3.45നുള്ള നിസാമുദ്ദീന്‍ സ്വര്‍ണ ജയന്തി എക്സ്പ്രസ്, വ്യാഴാഴ്ചകളില്‍ 4.13 നുള്ള നിസാമുദ്ദീന്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് എന്നിവയ്ക്കും കായംകുളം കഴിഞ്ഞാൽ പിന്നീട് സ്റ്റോപ്പ് ആലപ്പുഴയാണ്. രാത്രി 9.30 നുള്ള മാവേലി എക്സ്പ്രസ് ഹരിപ്പാട്നിന്നു പോയതിനുശേഷം പിന്നീട് എറണാകുളത്തേക്ക് പോകണമെങ്കില്‍ നേരിട്ടുള്ള ട്രെയിന്‍ രാവിലെ 5.30 നുള്ള ഏറനാട് എക്സ്പ്രസ് ആണ്.
അമ്പലപ്പുഴ സ്റ്റേഷന്റെയും അവസ്ഥ ഇതുതന്നെയാണ്. അതായത് എട്ടുമണിക്കൂറോളം സമയം ട്രെയിനുകള്‍ ഇല്ല. എന്നാല്‍ ദിവസേന രാത്രി 2.30 ഓടെ ഇതുവഴി കടന്നുപോകുന്ന ചെന്നൈ-ഗുരുവായൂര്‍ എക്സ്പ്രസ് ഉണ്ട്. ഇതിനാവട്ടെ ഹരിപ്പാടും അമ്പലപ്പുഴയിലും കോവിഡിന് മുമ്പ് സ്റ്റോപ്പുകള്‍ ഉണ്ടായിരുന്നതാണ്. ഇത് പുനഃസ്ഥാപിക്കുകയാണെങ്കില്‍ പുലര്‍ച്ചെ എറണാകുളത്തുനിന്നു പോകുന്ന ദീര്‍ഘദൂര ട്രെയിനുകളിൽ പോകേണ്ടവര്‍ക്ക് വലിയ സഹായമാകും.
നിലവില്‍ രാത്രി 8 മണിക്ക് എറണാകുളത്തുനിന്നുള്ള മെമു കഴിഞ്ഞാല്‍ 1.50നുള്ള മാവേലി എക്സ്പ്രസാണുള്ളത്. ആറുമണിക്കൂറോളം ആണ് ട്രെയിനുകള്‍ തമ്മിലുള്ള ഇടവേള. അതുപോലെ എറണാകുളത്തുനിന്നു രാവിലെ 6.30 നുള്ള തിരുവനന്തപുരം ഇന്റര്‍സിറ്റിക്ക് ശേഷം അടുത്ത ട്രെയിന്‍ 12.30 നുള്ള നേത്രാവതിയാണ്.
എന്നാല്‍, ഞായര്‍, ചൊവ്വ, ബുധന്‍, ശനി ദിവസങ്ങളില്‍ രാവിലെ 11ന് എറണാകുളത്ത് എത്തി അമ്പലപ്പുഴ, ഹരിപ്പാട് വഴി തിരുവനന്തപുരം പോകുന്ന ട്രെയിനുകള്‍ ഉണ്ട്. എന്നാല്‍, ഇവ മൂന്നും നാലും ദിവസങ്ങള്‍ ഓടിയാണ് എറണാകുളം എത്തുന്നത്. അതിനാല്‍ത്തന്നെ പലപ്പോഴും മണിക്കൂറുകള്‍ വൈകിയാണ് ഇവയുടെ യാത്ര.
തീരദേശ പാതയിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകള്‍ ഏറെനേരവും ട്രെയിനുകള്‍ ഇല്ലാതെ വിജനമായിക്കിടക്കുകയാണ്. കൂടുതല്‍ ട്രെയിനുകളും സ്റ്റോപ്പുകളും അനുവദിച്ച് യാത്രാദുരിതം ഒഴിവാക്കണമെന്നും പാത ഇരട്ടിപ്പിക്കല്‍ വേഗത്തില്‍ ആക്കണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം.
റെയിൽവേ മന്ത്രിക്ക് കത്തു നൽകി
കായംകുളം: ആലപ്പുഴ, കായംകുളം ഭാഗത്തേക്ക് സഞ്ചരിക്കുന്ന തീവണ്ടി യാത്രക്കാരുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനും കായംകുളത്ത് വന്ദേഭാരത് ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് യു. പ്രതിഭ എംഎൽഎ കേന്ദ്ര റെയിൽവേ മന്ത്രിക്കും സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും കേരളത്തിന്റെ റെയിൽവേയുടെ ചുമതല വഹിക്കുന്ന മന്ത്രിക്കും കത്തു നൽകി. തീരദേശപാതയിൽ കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.