തണ്ണീര്‍മുക്കം പഞ്ചായത്ത് മന്ദിരനവീകരണം ആരംഭിച്ചു; അശാസ്ത്രീയത ആരോപിച്ച് കോണ്‍ഗ്രസും ബിജെപിയും
1575462
Sunday, July 13, 2025 11:42 PM IST
ചേര്‍ത്തല: തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തിന്റെ പുതിയ മന്ദിരത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് ഭരണ-പ്രതിപക്ഷ തര്‍ക്കം. ഗ്രാമപഞ്ചായത്തിന്റെ തനതു ഫണ്ടില്‍നിന്ന് 50 ലക്ഷം രൂപ മുടക്കിയാണ് മന്ദിരം നിര്‍മിക്കുന്നത്.
പണി ആരംഭിക്കുകയും ചെയ്തു. ഈ ഘട്ടത്തിലാണ് കോണ്‍ഗ്രസും ബിജെപിയും നിര്‍മാണത്തിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇരുപാര്‍ട്ടികളും പഞ്ചായത്തു സെക്രട്ടറിക്കു കത്തു നല്‍കിയതോടെ നിര്‍മാണം പ്രതിസന്ധിയിലാകുന്ന സാഹചര്യം ഉടലെടുത്തു.
അപകടകരമായ നിര്‍മാണമാണ് നടക്കുന്നതെന്നും ഇതിന് കോണ്‍ഗ്രസ് പിന്തുണ നല്‍കില്ലെന്നും കാട്ടി മാത്യു കൊല്ലേലി, ടി.ടി. സാജു, കെ.ജെ. ഷീല, പി.ജെ. തോമസ്, സി.എ. ഗ്രേസി എന്നിവരും ബിജെപി അംഗങ്ങളായ കെ.ബി. ഷാജിമോന്‍, ഗിരീഷ് മാലേപറമ്പില്‍, ഇ.പി. ബിനു എന്നിവരുമാണ് പഞ്ചായത്തു സെക്രട്ടറിക്കു കത്തു നല്‍കിയിരിക്കുന്നത്.
വിദഗ്ധ സമിതി
പരിശോധിക്കണമെന്ന്
നിലവിലെ മന്ദിരത്തിനു മുകളിലേക്കാണ് നിര്‍മാണം നടക്കുന്നത്. നാല്പതിലേറെ വര്‍ഷം പഴക്കമുള്ള കെട്ടിടത്തിന്റെ മുകളിലേക്ക് പണിയുന്നതു തീര്‍ത്തും അശാസ്ത്രീയവും അത് കെട്ടിടത്തിനു ബലക്ഷയം വരുത്തുമെന്നുമാണ് പ്രതിപക്ഷത്തിന്റെ നിലപാട്.
മണ്‍കട്ടയും കുമ്മായവും ഉപയോഗിച്ച് പണിതിരിക്കുന്ന മന്ദിരം സ്ഥിതി ചെയ്യുന്നത് വേമ്പനാട്ടു കായൽ തീരത്താണ്. ഇത് അപകടമാകുന്ന സാഹചര്യമാണെന്നാണ് പ്രതിപക്ഷ കക്ഷികള്‍ ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യത്തില്‍ വിദഗ്ധ സമിതി രൂപീകരിച്ച് പഠനം നടത്തണമെന്നാണ് കോണ്‍ഗ്രസും ബിജെപിയും ആവശ്യപ്പെടുന്നത്. നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവയ്ക്കണമെന്നും പഞ്ചായത്ത് കമ്മിറ്റി വിളിച്ചു ചേര്‍ത്ത് വിഷയം ചര്‍ച്ച ചെയ്യണമെന്നും ഇരു പാര്‍ട്ടികളും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതിപക്ഷവും അംഗീകരിച്ചത്
നിലവില്‍ നടക്കുന്നത് പ്രതിപക്ഷവും അംഗീകരിച്ച നിര്‍മാണ പ്രവ ൃത്തികളാണെന്ന് സിപിഎം ഭരണസമിതി വ്യക്തമാക്കി. നിലവിലെ നിര്‍മാണ പ്രവൃത്തികള്‍ അംഗീകരിച്ച പഞ്ചായത്തു കമ്മിറ്റിയില്‍ പ്രതിപക്ഷ കക്ഷികളാരും എതിരഭിപ്രായം രേഖപ്പെടുത്തിയിട്ടില്ലെന്നും ഭരണ സമിതി അറിയിച്ചു.
എന്‍ജിനിയറിംഗ് വിഭാഗത്തിന്റെ പരിശോധനയ്ക്കുശേഷവും അവരുടെ നിര്‍ദേശങ്ങള്‍ സ്വീകരിച്ചുമാണ് നിര്‍മാണം നടക്കുന്നതെന്നും നിര്‍മാണം ആരംഭിച്ച ഉന്നയിക്കുന്ന ഈ ആരോപണങ്ങളില്‍ കഴമ്പില്ലെന്നും ഭരണ സമിതി വാദിക്കുന്നു. സാങ്കേതിക കാര്യങ്ങളെല്ലാം പരിശോധിച്ച് വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തനം പുരോഗമിക്കുന്ന ഘട്ടത്തിലെ പരാതിക്കു പിന്നില്‍ തിരഞ്ഞെടുപ്പ് അടുത്തതിന്റെ രാഷ്ട്രീയക്കളിയാണെന്നും ഭരണ സമിതി കുറ്റപ്പെടുത്തുന്നു.
നാടിന്റെ വികസനത്തിനായി നടത്തുന്ന പദ്ധതികള്‍ക്ക് ജനകീയ പിന്തുണയേറുന്ന സാഹചര്യത്തില്‍ ആശയക്കുഴപ്പുമുണ്ടാക്കാനുള്ള രാഷ്ട്രീയക്കളിയാണ് പരാതികള്‍ക്കു പിന്നിലെന്നും സിപിഎം ഭരണസമിതി പറഞ്ഞു.
മന്ദിരത്തില്‍ നേരിടുന്ന അസൗകര്യങ്ങളെക്കുറിച്ച് പരാതിയുയര്ത്തിയവര് അവരുള്‍പ്പെടുന്ന പഞ്ചായത്ത് കമ്മിറ്റി അനുമതി നല്കിയ പ്രവര്ത്തനത്തിനെതിരേയാണ് നിലവില്‍ രംഗത്തു വന്നിരിക്കുന്നതെന്നും ആരോപണങ്ങള്‍ക്കു മറുപടിയായി ഭരണ സമിതി അറിയിച്ചു.