പാദപൂജ വിവാദം: പ്രതിഷേധം ഇരമ്പി ; ഏഴു പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റു: നേതാക്കന്മാരെ അറസ്റ്റ് ചെയ്തു
1575746
Monday, July 14, 2025 11:53 PM IST
മാവേലിക്കര: വിദ്യാധിരാജ സെന്‍ട്രല്‍ ആൻഡ് സൈനിക സ്കൂളില്‍ ഗരുപൗര്ണമി ആഘോഷങ്ങളുമായി ബന്ധപ്പെട്ടു നടന്ന പാദപൂജയില്‍ ഉയര്‍ന്നുവന്ന വിവാദത്തെത്തുടര്‍ന്ന് യുവജന സംഘടനകളുടെ പ്രതിഷേധം ഇരമ്പി. എഐവൈഎഫ്-എഐഎസ്എഫ്, ഡിവൈഎഫ്ഐ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധ സമരങ്ങള്‍ നടന്നത്.
ഐവൈഎഫ്-എഐഎസ്എഫ് നേതൃത്വത്തില്‍ മാവേലിക്കര വിദ്യാധിരാജ സെന്‍ട്രല്‍ ആൻഡ് സൈനിക് സ്കൂളിലേക്കു പാദപൂജ വിവാദത്തെത്തുടര്‍ന്ന് പ്രതിഷേധ മാര്‍ച്ച് നടത്തി. ബുദ്ധജംഗ്ഷനില്നിന്ന് ആരംഭിച്ച് മാര്‍ച്ച് സ്കൂളിന് മുന്‍വശം പോലീസ് ബാരിക്കേട് വച്ച് തടഞ്ഞു. പ്രവര്‍ത്തകര്‍ ബാരിക്കേട് മറികടന്ന് പോകാന്‍ ശ്രമിച്ചത് അല്പസമയം ഉന്തും തള്ളുമുണ്ടാക്കിയെങ്കിലും പ്രവര്‍ത്തകരുടെ ശ്രമം പോലീസ് പരാജയപ്പെടുത്തി.
സമരത്തിനിടെ ബാരിക്കേട് ഉയര്‍ത്താന്‍ ശ്രമിച്ച ഹരിലാല്‍, അംജാത് സുബൈര്‍, റഫീക്ക, ഹനീഷ് മുഹമ്മദ്, ഷരീഫ്, ആരോമല്‍, അനു കാരക്കാട് എന്നിവര്‍ക്ക് കൈക്കു പരിക്കേറ്റിട്ടുണ്ട്.
തുടര്‍ന്ന് എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ബൈരഞ്ജിത്ത് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് മാവേലിക്കര മണ്ഡലം പ്രസിഡന്റ് അംജാത് സുബൈര്‍ അധ്യക്ഷത വഹിച്ചു. എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം അനു ശിവന് സ്വാഗതം പറഞ്ഞു. എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് അജയ്കൃഷ്ണന്, സിപിഐ മാവേലിക്കര മണ്ഡലം സെക്രട്ടറി എം.ഡി. ശ്രീകുമാര്‍, എഐവൈഎഫ് ഭരണിക്കാവ് മണ്ഡലം സെക്രട്ടറി ആദര്‍ശ് ശിവന് എന്നിവര്‍ പ്രസംഗിച്ചു.
ഡിവൈഎഫ്ഐ മാവേലിക്കര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാട്ടുവള്ളി ജംഗ്ഷനില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് സ്കൂളിന് ഏതാനും മീറ്റര്‍ മുന്നില്‍ പോലീസ് ബാരിക്കേടുകള്‍ ഉപയോഗിച്ച് തടഞ്ഞു. പോലീസ് ബാരിക്കേടിനെ മറികടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചത് കുറച്ചു നേരത്തെ സംഘര്‍ഷത്തിനിടയാക്കി.
പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉയര്‍ത്തിയ ബാരിക്കേടുമായി ഉന്തും തള്ളുമുണ്ടായി. ബാരിക്കേട് മറികടക്കാന്‍ ഏറെനേരം ശ്രമിച്ചെങ്കിലും പോലീസ് ശ്രമം പരാജയപ്പെടുത്തി. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ആര്. രാഹുല്‍ ഉദ്ഘാടനം ചെയ്തു.
സംഭവം അങ്ങേയറ്റം അപരിഷ്കൃതവും ജനാധിപത്യ സമൂഹത്തിന് അപമാനകരവും ആണെന്ന് രാഹുല്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി വിഷ്ണു ഗോപിനാഥ് സ്വാഗതം പറഞ്ഞു. അനസ്, രഞ്ജിത്ത്, അനുപമ സൈജു, സെന്‍ സോമന്എന്നവര് പ്രസംഗിച്ചു. ആര്. രാഹുല്‍, എസ്. സുരേഷ്കുമാര്‍ അടക്കമുള്ള നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.