കണ്ണീരിൽ കുതിർന്ന് കാരുവേലിൽ വീട്
1461332
Wednesday, October 16, 2024 3:09 AM IST
പത്തനംതിട്ട: കണ്ണൂർ എഡിഎം നവീൻ ബാബു ജീവനൊടുക്കിയെന്ന വാർത്ത മലയാലപ്പുഴ ഗ്രാമത്തെ ശരിക്കും ഞെട്ടിച്ചു. നല്ല ഒരു സർക്കാർ ഉദ്യോഗസ്ഥനായിരുന്നു നവീൻ ബാബുവെന്ന് നാട്ടിലുള്ളവർ രാഷ്ട്രീയത്തിനതീതമായി സമ്മതിക്കുന്നു. അദ്ദേഹത്തിനെതിരേ ഉയർന്ന അഴിമതി ആരോപണങ്ങളെ കുടുംബവും നാട്ടുകാരും തള്ളിക്കളഞ്ഞു.
ഇന്നലെ രാവിലെ മുതൽ പത്തിശേരി കാരുവേലിൽ വീട്ടിലേക്ക് ജനപ്രവാഹമായിരുന്നു. പലരുടെയും പ്രതിഷേധം അണപൊട്ടി. മരണത്തിനു കാരണക്കാരായവർക്കെതിരേ നടപടി വേണമെന്ന ആവശ്യവുമായി അവർ രംഗത്തെത്തി.
കറതീർന്ന സിപിഎം കുടുംബമാണ് നവീൻ ബാബുവിന്റേത്. പക്ഷേ സിപിഎമ്മിന്റെ ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉയർത്തിയ ആരോപണത്തിൽ കുടുങ്ങി എഡിഎം ജീവനൊടുക്കിയപ്പോൾ പാർട്ടി നേതൃത്വത്തിനും എന്തു പറയണമെന്നറിയില്ല. എന്നാൽ പ്രാദേശിക നേതാക്കൾ രംഗത്തെത്തി. മരണത്തിനുത്തരവാദികളായവരെ നിയമത്തിനു മുന്പിൽ എത്തിക്കണമെന്ന് ജില്ലാ കമ്മിറ്റിയംഗങ്ങൾ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടു.
‘അവൻ ഒരിക്കലും കൈക്കൂലി വാങ്ങില്ല'
നവീന്‍ബാബു മികച്ച ഉദ്യോഗസ്ഥനായിരുന്നെന്നും ഒരിക്കലും കൈക്കൂലിക്കാരന് ആയിരുന്നില്ലെന്നും ഭാര്യ മഞ്ജുഷയുടെ അമ്മാവന് ഓമല്ലൂര്‍ ആറ്റരികം സ്വദേശി ബാലകൃഷ്ണന് നായര്‍ മാധ്യമങ്ങളോടു പറഞ്ഞു.
“നവീന്‍ ആത്മഹത്യ ചെയ്യേണ്ട ഒരു കാര്യവുമുണ്ടായിരുന്നില്ല. യാത്രയയപ്പ് വേദിയില്‍ അപമാനിക്കപ്പെട്ടതിന്റെ മനോവിഷമമാകാം ഇതിനു പ്രേരിപ്പിച്ചത്. അവന് ഒരു അഴിമതിയും നടത്തിയിട്ടില്ല. ഞങ്ങള്‍ കുടുംബപരമായി സിപിഎമ്മുകാരാണ്.
കഴിഞ്ഞ മൂന്നു വട്ടം താന്‍ ഓമല്ലൂര്‍ ലോക്കല്‍ സെക്രട്ടറിയായിരുന്നു. നവീന്‍ ഇടതു സര്‍വീസ് സംഘടനയുടെ പ്രവര്‍ത്തകനായിരുന്നു. വ്യക്തിപരമായി യാതൊരു ബുദ്ധിമുട്ടും ഇല്ലായിരുന്നു. ആവശ്യമായ പേപ്പര്‍ ഇല്ലാത്തതിന്റെ പേരിലാണ് പെട്രാള്‍ പമ്പിന്റെ ഫയല്‍ മാറ്റി വച്ചത്. പിന്നീട് അതിന്റെ പേപ്പറുകളെല്ലാം വന്നപ്പോഴാണ് എൻഒസി കൊടുത്തതെന്നാണ് ഞാൻ മനസിലാക്കുന്നത്.
നല്ല രീതിയില്‍ സര്‍വീസില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇങ്ങനെ കേള്‍ക്കുമ്പോള്‍ മാനസിക ബുദ്ധിമുട്ടുണ്ടായിട്ടുണ്ടാകാം. കൈക്കൂലിക്കാരൊക്കെയാണെങ്കില് അവര്‍ക്ക് വിഷമം ഉണ്ടാകില്ല.
തിങ്കളാഴ്ച വൈകുന്നേരം ഭാര്യ വിളിച്ചപ്പോള്‍ സെന്റ് ഓഫ് കഴിഞ്ഞു. വീട്ടിലേക്ക് മടങ്ങുകയാണ് എന്ന് പറഞ്ഞിരുന്നു. പിന്നെ വിളിച്ചിട്ടു കിട്ടിയില്ല. ഇന്നലെ രാവിലെ തന്റെ ഒരു സുഹൃത്തിനെ ബന്ധപ്പെട്ടിരുന്നു. അദ്ദേഹം അവിടെ വിളിച്ച് അന്വേഷിച്ചു. എഡിഎമ്മിനെ കാണാനില്ലെന്നും ഉടന്‍ അന്വേഷിക്കണമെന്നും കളക്ടര്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.” ബാലകൃഷ്ണൻ നായർ പറഞ്ഞു.
ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുക്കണം: ഡിസിസി
പത്തനംതിട്ട: കണ്ണൂര്‍ എഡിഎം ആയിരുന്ന മലയാലപ്പുഴ സ്വദേശി നവീന്‍ ബാബുവിന്റെ മരണത്തിന് ഉത്തരവാദിയായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരേ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് ഡിസിസി.
സംശുദ്ധമായ സര്‍ക്കാര്‍ സേവനം നടത്തിയ നവീന്‍ ബാബുവിനെ സമ്മര്‍ദത്തിലാഴ്ത്തി ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ഇംഗിതം നടപ്പാക്കാന്‍ കഴിയാതിരുന്നതിന്റെ പേരില്‍ സഹപ്രവര്‍ത്തകരുടെ യാത്രയയപ്പ് യോഗത്തില്‍ ക്ഷണിക്കാതെയെത്തി അപമാനിച്ചതിന്റെ മനോവിഷമം മൂലവുംവ്യാജകൈക്കൂലിക്കേസ് ചമച്ച് മുഖ്യമന്ത്രിയുടെ ഓഫീസുവഴി അന്വേഷണത്തിന് ഉത്തരവിട്ടതുമാണ് അദ്ദേഹത്തെ മരണത്തിലേക്ക് തള്ളിയിട്ട തെന്നു സംശയിക്കുന്നു.
റവന്യു വകുപ്പിൽ കളങ്കരഹിതവുമായി സേവനംചെയ്ത് വിരമിക്കാന്‍ ഏഴ് മാസം മാത്രമുള്ളപ്പോള്‍ സ്വന്തം ജില്ലയായ പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം വാങ്ങി വരാനിരുന്നതിന്റെ തലേദിവസമാണ് അദ്ദേഹം മരണപ്പെട്ടതെന്നതും ആത്മഹത്യാ വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രേരണയാല്‍ പെട്രോള്‍ പമ്പ് അപേക്ഷകനെകൊണ്ട് അഴിമതിയാരോപണം ഉന്നയിച്ചതും കരുതിക്കൂട്ടിയുള്ള സംഭവങ്ങളാണെന്ന് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറന്പിലും ജനറൽ സെക്രട്ടറി സാമുവേൽ കിഴക്കുപുറവും പറഞ്ഞു.
സര്‍ക്കാര്‍ അന്വേഷണത്തിനു തയാറായില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് അവര്‍ മുന്നറിയിപ്പ് നല്കി.
നവീന്‍ബാബു അഴിമതിക്കാരനല്ലെന്ന് സഹപ്രവര്‍ത്തകരും
എഡിഎം നവീൻ ബാബു അഴിമതിക്കാരനല്ലെന്ന് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ആവര്‍ത്തിച്ചു പറയുന്നു. ഡെപ്യൂട്ടി കളക്ടര്‍ ആകുന്നതു വരെ സര്‍വീസില്‍ ഏറിയ പങ്കും ജില്ലയില്‍ തന്നെയാണ് ജോലി ചെയ്തത്. വില്ലേജ് ഓഫീസര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍, തഹസില്‍ദാര്‍ എന്നീ തസ്തികകളില്‍ പ്രവര്‍ത്തിച്ച നവീനെ കുറിച്ച് സഹപ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ മതിപ്പാണ്. സിപിഎം പാരമ്പര്യത്തിലുള്ളതാണ് അദ്ദേഹത്തിന്റെ കുടുംബം.
എൻജിഒ യൂണിയന് അംഗമായിരുന്നു. ഗസറ്റഡ് തസ്തികയില്‍ എത്തിയപ്പോഴും സിപിഎം അനുകൂല സര്‍വീസ് സംഘടനയില്‍ തന്നെ തുടര്‍ന്നു. നവീന്‍ പ്രവര്‍ത്തിക്കുന്ന യൂണിയന് മുഖേനെ ഇതിന് ശ്രമിച്ചെങ്കിലും സമയത്ത് നടന്നില്ല. സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ ചുരുങ്ങിയ കാലം മാത്രമാണുള്ളത് എന്ന കാരണം കൊണ്ടു തന്നെയാണ് നവീന്‍ സ്ഥലം മാറ്റത്തിനു ശ്രമിച്ചത്.
യുഡി ക്ലർക്കായാണ് അദ്ദേഹം സർക്കാർ സർവീസിൽ പ്രവേശിച്ചത്.
31 വർഷത്തെ സർക്കാർ സേവനത്തിൽ ഭൂരിഭാഗവും സ്വന്തം മണ്ണിൽ തന്നെയാണ് സേവനം അനുഷ്ഠിച്ചത്. സ്ഥാനക്കയറ്റം ലഭിച്ചതിനേ തുടർന്ന് റാന്നിയിൽ നിന്ന് നവീൻ കാസർഗോഡിനു മാറി. അവിടെനിന്നാണ് തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് കണ്ണൂരിലെത്തിയത്. പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം ലഭിച്ചതിനേ തുടർന്നുള്ള യാത്രയയപ്പ് ചടങ്ങിലാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ അധിക്ഷേപം കേൾക്കേണ്ടി വന്നത്.