മോഷണം പോയ സ്കൂട്ടർ പരിശോധനയിൽ കുടുങ്ങി; പിടികൂടിയത് മോട്ടോർ വാഹനവകുപ്പ്
1461069
Tuesday, October 15, 2024 12:08 AM IST
അടൂർ: ഏഴംകുളത്തു മോട്ടോർ വാഹന വകുപ്പ് നടത്തിയ വാഹന പരിശോധനയ്ക്കിടെ മോഷണ വാഹനം പിടികൂടി. കസ്റ്റഡിയിലായ പത്തനാപുരം സ്വദേശിയായ അനീഷ് ഖാനെ (38) അടൂർ പോലീസിന് കൈമാറുകയും ചെയ്തു.
ഇന്നലെ രാവിലെ പത്തോടുകൂടി പ്ലാന്റേഷൻ ജംഗ്ഷനു സമീപം വാഹന പരിശോധന നടക്കുമ്പോൾ ഹെൽമെറ്റ് ധരിക്കാതെ ഓടിച്ചുവന്നയാളോടു സ്കൂട്ടർ നിർത്താൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടും അപകടകരമായ രീതിയിൽ ഏഴംകുളം ഭാഗത്തേക്ക് ഓടിച്ചു പോയി. ഇത് ശ്രദ്ധയിൽപ്പെട്ട ഉടൻ വാഹനത്തിന്റെ ആർസി ഉടമയെ സ്ക്വാഡ് ഫോണിൽ ബന്ധപ്പെട്ടു.
ഈ വാഹനം പട്ടാഴി അമ്പലത്തിനു സമീപം കഴിഞ്ഞ ദിവസം മോഷണം പോയതാണെന്നും ഇതുസംബന്ധിച്ച പരാതി കുന്നിക്കോട് പോലീസ് സ്റ്റേഷനിൽ നൽകിയിട്ടുള്ളതായും വാഹന ഉടമ അറിയിച്ചു. തുടർന്ന് വാഹനം കണ്ടെത്തുന്നതിനായുള്ള തെരച്ചിലിനൊടുവിൽ ഏഴംകുളം ഭാഗത്തുവച്ച് അമിത വേഗത്തിൽ കൈപ്പട്ടൂർ റോഡിലേക്ക് പോകുന്നത് ശ്രദ്ധയിൽപ്പെട്ടു.
പിന്തുടർന്ന ഉദ്യോഗസ്ഥ സംഘം ഏഴംകുളം ഗവ. എൽപിഎസിനു സമീപം വാഹനം പിടികൂടി കസ്റ്റഡിയിൽ എടുത്തു. പത്തനംതിട്ട എൻഫോഴ്സ്മെന്റ് അടൂർ സ്ക്വാഡ് എംവിഐ ഷമീറിന്റെ നേതൃത്വത്തിൽ എഎംവിഐമാരായ സജിംഷാ, വിനീത് എന്നിവരാണ് പരിശോധന നടത്തിയത്.