ചെറുകോൽപ്പുഴ - റാന്നി റോഡ് നിർമാണം ഉടൻ ആരംഭിക്കും
1461065
Tuesday, October 15, 2024 12:08 AM IST
റാന്നി: ചെറുകോൽപ്പുഴ - റാന്നി റോഡിന്റെ നിർമാണം ഉടൻ ആരംഭിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു. പ്രമോദ് നാരായൺ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച സബ്മിഷനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്നത് ഉൾപ്പെടെയുള്ള റോഡിന്റെ പ്രാധാന്യം എംഎൽഎ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
കിഫ്ബി മുഖാന്തരം നിർമാണം നടപ്പാക്കുന്ന ചെറുകോൽപ്പുഴ - മണിയാർ റോഡ് പുനരുദ്ധാരണത്തിന് 30 കോടി രൂപയായിരുന്നു ആദ്യം അനുവദിച്ചിരുന്നത്. 40 കിലോമീറ്റർ ദൂരം വരുന്ന റോഡിന് പൊതുമരാമത്തിന്റെ എട്ട് ഉപറോഡുകളും ഉൾപ്പെട്ടിട്ടുണ്ട്.
ഒന്നാം ഘട്ടമായിട്ടാണ് ചെറുകോൽപ്പുഴ - റാന്നി റോഡ് എടുത്തത് . 8.7 കിലോമീറ്റർ ദൂരം വരുന്ന റോഡ് പുനരുദ്ധാരണത്തിനായി 54.61 കോടി രൂപയുടെ അനുമതിയാണ് ലഭിച്ചത്.
ആദ്യം 13.6 മീറ്റർ വീതി പറഞ്ഞിരുന്നെങ്കിലും ഇതുമൂലം വലിയ തോതിൽ ഭൂമി ഏറ്റെടുക്കുന്നതിന് നഷ്ടം സഹിക്കേണ്ടി വരും എന്ന് പരാതി ഉണ്ടായതിനെത്തുടർന്ന് ട്രാഫിക് സർവേ നടത്തി റോഡിന്റെ വീതി 10.5 മീറ്ററായി ചുരുക്കി. ഭൂമി സൗജന്യമായാണ് ഏറ്റെടുക്കുന്നത്. ആവശ്യമുള്ള സ്ഥലങ്ങളിൽ സംരക്ഷണഭിത്തി നിർമിച്ചു നൽകും. ഇതിനെ ആസ്പദമാക്കിയുള്ള എസ്റ്റിമേറ്റ് തയാറാക്കിവരികയാണ്.
ജലവിഭവ വകുപ്പിന്റെ പൈപ്പുകളും വൈദ്യുത വകുപ്പിന്റെ ലൈനുകളും മാറ്റുന്ന തുകയും വകയിരുത്തേണ്ടതായുണ്ട്. ഇത്തരം നടപടികൾകൂടി പൂർത്തിയായിക്കഴിഞ്ഞാൽ ഉടൻ റോഡ് നിർമാണം ആരംഭിക്കാനാകുമെന്ന് എംഎൽഎ പറഞ്ഞു.
പെരുനാട് - കണ്ണന്നുമൺ - പുതുക്കട, മണിയാർ - മാമ്പാറ - എരുവാറ്റുപുഴ, കാവനാൽ - പെരുനാട് എന്നീ റോഡുകളാണ് രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്
കല്യാണിമുക്ക് - അലിമുക്ക് ജണ്ടായിക്കൽ - അത്തിക്കയം, കൂനംകര - തോണിക്കടവ് എന്നീ റോഡുകൾ മൂന്നാംഘട്ടത്തിലും ഉൾപ്പെടുത്തിയിട്ടുണ്ട്.