റേഷൻ വ്യാപാരികൾക്ക് രണ്ടുമാസത്തെ വേതനക്കുടിശിക
1460666
Saturday, October 12, 2024 2:22 AM IST
പത്തനംതിട്ട: സംസ്ഥാനത്തെ റേഷൻ വ്യാപാരികൾക്ക് ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ വേതനം ഇതേവരെ ലഭിച്ചിട്ടില്ല. ഓണത്തിന് ഉത്സവ ബത്തയായി 1000 രൂപ വീതം നൽകാമെന്ന് ഭക്ഷ്യമന്ത്രി പ്രഖ്യാപിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ ഓണക്കിറ്റ് സൗജന്യമായി വിതരണം ചെയ്യണമെന്ന മന്ത്രിയുടെ അഭ്യർഥന അംഗീകരിക്കുകയും വിതരണം പൂർത്തീകരിച്ചുവെങ്കിലും ഉത്സവബത്ത നൽകിയില്ല.
മുൻഗണനാ വിഭാഗമായ മഞ്ഞ, പിങ്ക് കാർഡുകളിലെ ഒന്നരക്കോടി അംഗങ്ങളുടെ മസ്റ്ററിങ് റേഷൻ വ്യാപാരികളെകൊണ്ട് സൗജന്യമായി ചെയിച്ച ഗവൺമെന്റ് വൻ തുക മുടക്കി മസ്റ്ററിന്റെ പോസ്റ്ററും, കിറ്റ് വിതരണത്തിന്റെ പോസ്റ്ററും ഇറക്കി അധികച്ചെലവ് ഉണ്ടാക്കുകയും ചെയ്തുവെന്ന് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ജോൺസൺ വിളവിനാൽ പറഞ്ഞു.
റേഷൻ വ്യാപാരികൾക്ക് മാത്രം പണം നൽകാൻ ഫണ്ടില്ല എന്ന ധനവകുപ്പിന്റെ നിലപാടിനോട് ശക്തമായി പ്രതിഷേധമുണ്ടെന്നും 13ന് തൃശൂരിൽ ചേരുന്ന സംസ്ഥാന ഭാരവാഹിയോഗം സമരപരിപാടികൾക്ക് അന്തിമരൂപം നൽകുമെന്നും ജോൺസൻ വിളവിനാൽ പറഞ്ഞു.