അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു
1460665
Saturday, October 12, 2024 2:22 AM IST
കോന്നി: അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചു. കലഞ്ഞൂർ ഉദയാ ജംഗ്ഷൻ ശ്രീകൃഷ്ണവിലാസം സജീവ് - പ്രസീന ദമ്പതികളുടെ മകൻ വിനായകാണ് (15) മരിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ ഐരവൺ പുതിയകാവ് ക്ഷേത്രക്കടവിലാണ് സംഭവം. കോന്നിയിൽ പിതാവിന്റെ സഹോദരിയുടെ വീട്ടിലെത്തിയ വിനായക് സുഹൃത്തുക്കളുമൊത്ത് കുളിക്കാനായി ആറ്റിലിറങ്ങി.
ഒഴുക്കിൽപ്പെട്ട വിനായകനെ കാണാതായി. തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിൽ കടവിനു താഴ്ഭാഗത്തെ മങ്ങാരം കൊടിഞ്ഞൂല കടവിനു സമീപത്തുനിന്ന് മൃതദേഹം കണ്ടെത്തി. കോന്നിയിൽനിന്ന് അഗ്നിരക്ഷാസേനയും പോലീസും എത്തുമ്പോഴേക്കും നാട്ടുകാർ മൃതദേഹം കണ്ടെടുത്തിരുന്നു.
പോസ്റ്റുമോർട്ടത്തിനായി പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. മാതാവ്: പ്രസീന പിറവന്തൂർ എസ്എൻഎച്ച്എസിലെ അധ്യാപികയാണ്. പത്താംക്ലാസ് വിദ്യാർഥിയാണ് വിനായക്. സഹോദരി: ദേവിക.