ചിറ്റാറിലെ കാട്ടാന സാന്നിധ്യം: എംഎൽഎയുടെ നേതൃത്വത്തിൽ യോഗം ഇന്ന്
1460357
Friday, October 11, 2024 2:57 AM IST
ചിറ്റാർ: ചിറ്റാർ - സീതത്തോട് പ്രധാന റോഡിൽ കാട്ടാനകളുടെ സാന്നിധ്യം തുടരുന്ന സാഹചര്യത്തിൽ കെ.യു. ജനീഷ് കുമാർ എംഎൽഎയുടെ നേതൃത്വത്തിൽ ഇന്ന് ചിറ്റാർ പഞ്ചായത്ത് ഓഫീസിൽ വിപുലമായ യോഗം ചേരും.
ഉച്ചകഴിഞ്ഞ് 2.30നു നടക്കുന്ന യോഗത്തിൽ ചിറ്റാർ, സീതത്തോട് പഞ്ചായത്തുകളിലെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, വനം, റവന്യു, പോലീസ്, തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരാണ് പങ്കെടുക്കുന്നത്.
ചിറ്റാർ ഊരാംപാറയിലെ ജനവാസ മേഖലയിലാണ് രണ്ട് കാട്ടു കൊന്പൻമാർ ദിവസവും എത്തുന്നത്. അള്ളുങ്കൽ വനമേഖലയിൽനിന്ന് ഇറങ്ങി വരുന്ന ആനകൾ കക്കാട്ടാറ് നീന്തി കടന്നാണ് ജനവാസ മേഖലയിലും ഊരാംപാറ ഭാഗത്തുകൂടി കടന്നുപോകുന്ന ചിറ്റാർ സീതത്തോട് പൊതുമരാമത്ത് റോഡിലും എത്തുന്നത്. ഇതോടെ പ്രദേശവാസികൾ ഭീതിയിലായി. കൃഷിയിടങ്ങളിൽ നാശം ഉണ്ടാക്കുന്നതിനൊപ്പം പ്രധാന പാതയിലടക്കം ഇവയുടെ സ്ഥിരമായ സാന്നിധ്യം ഭീതിജനകമായ അന്തരീക്ഷമാണ് നാട്ടിൽ ഉണ്ടാക്കിയിരിക്കുന്നത്.
ജനങ്ങൾക്കും വാഹനയാത്രികർക്കും മുന്നറിയിപ്പ് നല്കി റോഡിൽ വനപാലകർ കാവൽ നിൽക്കുകയാണ്. പ്രശ്നത്തിനു പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിൽ ആന കാടിറങ്ങുന്ന സാഹചര്യം ഒഴിവാക്കാനുള്ള ബദൽ നടപടികളാണ് യോഗത്തിൽ ആലോചിക്കുന്നതെന്ന് എംഎൽഎ പറഞ്ഞു.