ജില്ലാ സ്കൂള്‍ കായികമേള നാളെ മുതല്‍ കൊടുമണ്ണില്‍
1599284
Monday, October 13, 2025 3:44 AM IST
പത്തനംതിട്ട: റവന്യു ജില്ലാ സ്കൂള്‍ കായികമേള നാളെ മുതല്‍ 16 വരെ കൊടുമണ്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ നടക്കും. നാളെ രാവിലെ ഒമ്പതിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരന് പതാക ഉയര്‍ത്തും. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍ കുമാര്‍ മാര്‍ച്ച് പാസ്റ്റില്‍ അഭിവാദ്യം സ്വീകരിക്കും.
പത്തിന് കായികമേളയുടെ ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. ത്രിതല പഞ്ചായത്തംഗങ്ങൾ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. 11 ഉപജില്ലകളില്‍ നടന്ന മത്സരങ്ങളില്‍ വിജയികളായവരാണ് ജില്ലാതലത്തില്‍ പങ്കെടുക്കുന്നത്.
ഹൈസ്കൂൾ, ഹയര്‍ സെക്കന്‍ഡറി തലങ്ങളില്‍ വിവിധ കാറ്റഗറികളിലായിട്ടാണ് മത്സരങ്ങൾ. നാളെ രാവിലെ സീനിയര്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും 1500 മീറ്റര്‍ ഓട്ടമത്സരത്തോടെയാണ് തുടക്കം. വിവിധ ഫൈനലുകള്‍ ഉള്‍പ്പെടെ 138 മത്സരങ്ങളാണ് മൂന്നുദിവസമായി നടക്കുന്നത്.
16നു വൈകുന്നേരം സമാപനസമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം സമ്മാനദാനവും ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ആർ. അജയകുമാര്‍ സര്‍ട്ടിഫിക്കറ്റ് വിതരണവും നിര്‍വഹിക്കും.